ഗാംഗുലിക്ക് കഠിനാധ്വാനം ചെയ്യാന്‍ താത്പര്യമില്ലായിരുന്നു; വീണ്ടും വെടി പൊട്ടിച്ച് ചാപ്പല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പരിശീലകനെന്ന വിശേഷണം പേറുന്നയാളാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഗ്രെഗ് ചാപ്പല്‍. 2005-ല്‍ പരിശീലകസ്ഥാനത്തെത്തിയ ചാപ്പലും അന്നത്തെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും പടലപ്പിണക്കങ്ങളുമെല്ലാം അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനൊടുവില്‍ ഗാംഗുലിക്ക് ക്യാപ്റ്റന്‍ സ്ഥാനം മാത്രമല്ല ടീമിലെ സ്ഥാനം തന്നെ നഷ്ടമാകുകയും ചെയ്തു.
2007 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിനു പിന്നാലെ ചാപ്പലിന്റെ തൊപ്പി തെറിക്കുകയും ചെയ്തു. ഇപ്പോഴിതാ ആ സംഭവം അരങ്ങേറി വര്‍ഷങ്ങള്‍ക്കിപ്പുറം ഗാംഗുലിയെ കുറിച്ച് വിവാദമായ ഒരു പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് ചാപ്പല്‍.
ഗാംഗുലി കഠിനാധ്വാനം ചെയ്യാന്‍ താത്പര്യമില്ലാത്ത ആളായിരുന്നുവെന്ന് പറഞ്ഞ ചാപ്പല്‍ ടീമില്‍ ക്യാപ്റ്റനായി തുടരുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.
''ഇന്ത്യയിലെ ആ രണ്ടു വര്‍ഷം തീര്‍ത്തും വെല്ലുവിളി നിറഞ്ഞതായിരുന്നു. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു അവയില്‍ ചിലത്. സ്വന്തം കളി മെച്ചപ്പെടുത്താന്‍ വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നു. ടീമില്‍ ഇങ്ങനെ ക്യാപ്റ്റനായി നില്‍ക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. അങ്ങിനെയെങ്കില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുമല്ലോ.'' - ചാപ്പല്‍ പറഞ്ഞു. ക്രിക്കറ്റ് ലൈഫ് സ്റ്റോറീസ് എന്ന പോഡ്കാസ്റ്റിലാണ് ചാപ്പല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേസമയം, ഇന്ത്യന്‍ പരിശീലകനാകാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ച് തന്നെ ആദ്യം സമീപിച്ചത് ഗാംഗുലി തന്നെയാണെന്നും ചാപ്പല്‍ പറഞ്ഞു.
Content Highlights: Sourav Ganguly didn t want to work hard says Greg Chappell
Content Highlights: