‘എന്താണിത്?’; പരിശീലനത്തിനിടെ ചിത്രീകരണം, അതൃപ്തി പ്രകടിപ്പിച്ച് മന്ദാന

മുംബൈ: വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ ത്രില്ലർ പോരാട്ടത്തിനൊടുക്കമാണ് ബെംഗളൂരു ജയിച്ചുകയറിയത്. അവസാന ഓവറിൽ 18 റൺസ് അടിച്ചെടുത്ത നദീൻ ഡി ക്ലർക്കാണ് ടീമിന് ജയമൊരുക്കിയത്. മുംബൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്മൃതി മന്ദാനയും സംഘവും അവസാന പന്തിലാണ് ലക്ഷ്യം കണ്ടത്. ഇപ്പോഴിതാ മത്സരത്തിന് മുമ്പുള്ള സ്മൃതി മന്ദാനയുടെ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു ക്യാമറപേഴ്‌സനോട് താരം അതൃപ്തി പ്രകടിപ്പിക്കുന്നതാണ് വീഡിയോയിൽ.
മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുമ്പോഴാണ് സംഭവം. ഗ്രൗണ്ടിന്റെ ഒരുവശത്ത് നിന്ന് താരം ബാറ്റിങ് പരിശീലനം നടത്തുകയായിരുന്നു. അതിനിടെയിൽ ക്യാമറാമാൻ സ്മൃതിയുടെ ദൃശ്യങ്ങൾ ഒപ്പിയെടുക്കാനെത്തി. ബാറ്റുചെയ്യുന്നതിന്റെ അടുത്തെത്തി ക്യാമറാമാൻ വീഡിയോ പകർത്താൻ തുടങ്ങി. ഇത് കണ്ടയുടനെ സ്മൃതി അദ്ദേഹത്തോട് അതൃപ്തി പ്രകടിപ്പിച്ചു. എന്താണിതെന്ന മട്ടിലായിരുന്നു പ്രതികരണം. അതോടെ ക്യാമറാമാൻ പിൻവാങ്ങി.
Cameraman not leaving Smrithi alone to practice and see Smrithi’s reaction 😂 pic.twitter.com/QVF8q4WTzw
— RCB (@RCBtweetzz) January 9, 2026
ഉദ്ഘാടനമത്സരത്തിൽ ജയിക്കാനായതിൽ സന്തോഷമുണ്ടെന്നും ആർസിബി ത്രില്ലർ മത്സരങ്ങൾ നന്നായി കളിക്കാറുണ്ടെന്നും സ്മൃതി കൂട്ടിച്ചേർത്തു. അതേസമയം മത്സരത്തിൽ 13 പന്തിൽ നിന്ന് 18 റൺസ് മാത്രമാണ് മന്ദാന നേടിയത്. മന്ദാന നിരാശപ്പെടുത്തിയെങ്കിലും നദീന്റെ പ്രകടനം ടീമിനെ രക്ഷിക്കുകയായിരുന്നു. 44 പന്തിൽ 63 റൺസുമായി നദീൻ പുറത്താകാതെ നിന്നു. ഇതിൽ ഏഴു ഫോറും രണ്ടു സിക്സുമുണ്ട്.
ഓപ്പണർമാരായ ഗ്രേസ് ഹാരിസും സ്മൃതി മന്ദാനയും ചേർന്ന് മൂന്ന് ഓവറിൽ 40 റൺസ് ചേർത്തശേഷം ബെംഗളൂരു പ്രതിസന്ധിയിലായിരുന്നു. അടുത്തടുത്ത ഓവറിൽ ഇരുവരും പുറത്തായശേഷം ദയാലൻ ഹേമലത (7), രാധാ യാദവ് (1), റിച്ചാ ഘോഷ് (6) എന്നിവർ ആറു പന്തുകൾക്കിടെ പുറത്തായതോടെ അഞ്ചിന് 65 എന്ന നിലയിലായി. പക്ഷേ, എന്നിട്ടും ബെംഗളൂരു കീഴടങ്ങിയില്ല. ആറാം വിക്കറ്റിൽ നദീനും അരുന്ധതി റെഡ്ഡിയും (25 പന്തിൽ 20) ചേർന്ന് 52 റൺസ് ചേർത്തു. ഒരേ ഓവറിൽ അരുന്ധതി, ശ്രേയങ്കാ പാട്ടീൽ (1) എന്നിവരെ തിരിച്ചയച്ച നിക്കോള കാരി ബെംഗളൂരുവിനെ തളർത്തി. എന്നിട്ടും നദീൻ ഡി ക്ലർക്ക് വിജയ തീരത്തെത്തിച്ചു.
Content Highlights: mriti Mandhana Left Irritated By Cameraperson At WPL 2026 Opener