സിറാജിന് തിരിച്ചടി; ഏകദിനത്തിലെ ഒന്നാംറാങ്ക് നഷ്ടമായി, ബുംറയ്ക്കും കുല്‍ദീപിനും നേട്ടം

Photo: PTI
Photo: PTI

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ഇന്ത്യയുടെ മുഹമ്മദ് സിറാജിന് ഏകദിന ബൗളര്‍മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടമായി. സിറാജിനെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് ഒന്നാം റാങ്കിലെത്തി. 

സിറാജ് രണ്ടാം റാങ്കിലേക്ക് വീണു. കേശവിന് 726 റേറ്റിങ്ങാണുള്ളത്. സിറാജിന്റെ റേറ്റിങ് 723 ആണ്. ആദം സാംപയാണ് മൂന്നാമത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ബുംറയും കുല്‍ദീപും രണ്ട് സ്ഥാനം മെച്ചപ്പെടുത്തി യഥാക്രമം നാല്, അഞ്ച് റാങ്കുകളിലെത്തി.

ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. എന്നാല്‍ വിരാട് കോലിയ്ക്ക് ഒരു സ്ഥാനം നഷ്ടമായി. കോലിയെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് മൂന്നാമതെത്തി. കോലി നാലാം സ്ഥാനത്തേക്ക് വീണു. പാകിസ്താന്റെ ബാബര്‍ അസമാണ് മൂന്നാമത്. അഞ്ചാം റാങ്കില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുണ്ട്. ബാറ്റര്‍മാരുടെ പട്ടികയിലും ബൗളര്‍മാരുടെ പട്ടികയിലും ആദ്യ അഞ്ചില്‍ മൂന്നും ഇന്ത്യന്‍ താരങ്ങളായത് ടീമിന്റെ കരുത്ത് സൂചിപ്പിക്കുന്നു.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യ പുറത്തായി. 10-ാം റാങ്കിലുള്ള രവീന്ദ്ര ജഡേജയാണ് ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യന്‍ താരം. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സനാണ് പട്ടികയില്‍ ഒന്നാമത്. അഫ്ഗാനിസ്താന്റെ മുഹമ്മദ് നബി, സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.
 

Content Highlights: siraj lost his first rank in icc cricket bowlers ranking