വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ജഡേജയെ ഒഴിവാക്കിയതല്ല-വ്യക്തമാക്കി ഗിൽ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
ശുഭ്മാന്‍ ഗില്‍ | Photo: AFP
ശുഭ്മാന്‍ ഗില്‍ | Photo: AFP

മൊഹാലി: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ നിന്ന് രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതാണെന്ന അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി വിശ്രമം അനുവദിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യ രണ്ട് ഏകദിനങ്ങൾ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അതിനാൽ മൂന്നാം ഏകദിനത്തിൽ പുതിയ താരങ്ങളെ പരീക്ഷിക്കുകയായിരുന്നുവെന്നും നിതീഷ് കുമാർ റെഡ്ഡി, അൻഷുൽ കാംബോജ് തുടങ്ങിയ യുവതാരങ്ങൾക്ക് അവസരം നൽകുകയായിരുന്നുവെന്നും ഗിൽ വ്യക്തമാക്കി.

'ജഡു ഭായിയെ ഒഴിവാക്കിയതല്ല. മറ്റ് കളിക്കാരെ ഇറക്കാൻ അവസരം ലഭിച്ചതുകൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തിന് വിശ്രമം നൽകിയത്. പരമ്പര വെറും മൂന്ന് മത്സരങ്ങൾ മാത്രമുള്ളതാകുമ്പോൾ, ബെഞ്ചിലിരിക്കുന്ന കളിക്കാർക്ക് ഒരു മത്സരമെങ്കിലും നൽകുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.'-ഗിൽ വ്യക്തമാക്കി.

ടീം കോമ്പിനേഷന്റെ ആവശ്യകതയ്ക്കും ലോകകപ്പ് സാഹചര്യങ്ങൾക്കും അനുസൃതമായി മാത്രമായിരിക്കും രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നീ സ്പിൻ ഓൾറൗണ്ടർമാരെ ടീമിലെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. 'ലോകകപ്പ് മുന്നിൽക്കണ്ട് ടീമിന് ഏറ്റവും മികച്ചതാണെന്ന് എന്ത് തോന്നുന്നുവോ, ആ സാഹചര്യങ്ങളിൽ തങ്ങളുടെ പ്രത്യേക കഴിവുകൾ വഴി പരമാവധി സംഭാവന നൽകാൻ കഴിയുന്ന കളിക്കാർക്ക് സ്‌ക്വാഡിൽ മുൻഗണന നൽകും.'-ഗിൽ കൂട്ടിച്ചേർത്തു.

പരമ്പരയിലെ അവസാന മത്സരത്തിൽ പേസ് ഡിപ്പാർട്ട്മെന്റിലും പരീക്ഷണങ്ങൾ നടന്നു. ആഖ്വിബ് നബിയും അൻഷുൽ കാംബോജും മൂന്നാം ഏകദിനത്തിനിറങ്ങി.

'അൻഷുലും ആഖ്വിബും ടീമിൽ തുടരാൻ അർഹതയുള്ള കളിക്കാരാണ്. പ്രസിദ്ധ് കൃഷ്ണയ്ക്ക് പരിക്കേറ്റതും പരമ്പര ഇതിനകം സ്വന്തമാക്കിയ സാഹചര്യവും വ്യത്യസ്ത ഓപ്ഷനുകൾ പരീക്ഷിക്കാൻ ഞങ്ങൾക്ക് അവസരം നൽകി. എട്ടാം നമ്പറിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന അൻഷുൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം നിർണായകമായ ഒരു സ്ഥാനത്താണ് കളിക്കുന്നത്. അവസരം ലഭിക്കുമ്പോൾ സമ്മർദ്ദത്തെ അതിജീവിച്ച് ആർക്കാണ് തിളങ്ങാൻ കഴിയുകയെന്ന് കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.'-ഗിൽ ചൂണ്ടിക്കാട്ടി.

ആഖ്വിബും അൻഷുലും പോലുള്ള താരങ്ങൾക്ക് വാലറ്റത്ത് ബാറ്റ് ചെയ്യാനുള്ള കഴിവുണ്ടെന്നും, എട്ടാം നമ്പറിൽ മികച്ച ബാറ്റിങ് ഡെപ്ത് ഉണ്ടാക്കിയെടുക്കുക എന്നത് ഇന്ത്യയുടെ ഏകദിന പദ്ധതികളുടെ പ്രധാന ഘടകമാണെന്നും ക്യാപ്റ്റൻ വ്യക്തമാക്കി.

Content Highlights: Shubman Gill clarified that Ravindra Jadeja was rested, not dropped, for the 3rd ODI., The team management focused on workload management and testing bench strength., Young talents like Anshul Kamboj and Auqib Nabi were given opportunities to build squad depth.