ദേശീയ ടീമിലേക്ക് ആദ്യവിളി; പിന്നാലെ നിര്‍ഭാഗ്യം, നിതീഷ് റെഡ്ഡി പരിക്കേറ്റ് പുറത്ത്, ദുബെ പകരക്കാരന്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിനുള്ള ടീമില്‍നിന്ന് യുവ ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി പുറത്ത്. പരിക്കാണ് താരത്തിന് വില്ലനായത്. പകരം ശിവം ദുബെയെ ടീമില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് അഞ്ച് ടി20 പരമ്പരകളാണുള്ളത്. ജൂലായ് ആറ് മുതല്‍ 16 വരെ സിംബാബ്വെയിലെ ഹരാരെ സ്പോര്‍ട്സ് ക്ലബിലാണ് പരമ്പര നടക്കുക.
ജൂണ്‍ 26-ന് ബി.സി.സി.ഐ. പ്രഖ്യാപിച്ച പതിനഞ്ചംഗ സ്‌ക്വാഡില്‍ റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, നിതീഷ് റെഡ്ഡി ഉള്‍പ്പെടെ നാല് പുതുമുഖ താരങ്ങളെയാണ് അണിനിരത്തിയിരുന്നത്. പക്ഷേ, ദേശീയ ടീമിലേക്കുള്ള ആദ്യ വിളി പ്രയോജനപ്പെടുത്താന്‍ നിതീഷിന് കഴിയില്ല. ബി.സി.സി.ഐ.യുടെ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണിപ്പോള്‍ താരം. എന്താണ് പരിക്കെന്ന് ബോര്‍ഡ് വെളിപ്പെടുത്തിയിട്ടില്ല.
ഐ.പി.എലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നിതീഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സീസണിലെ എമര്‍ജിങ് താരമായും നിതീഷിനെ തിരഞ്ഞെടുത്തിരുന്നു. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായ 21-കാരന്‍ ഹൈദരാബാദിനായി 13 മത്സരങ്ങളില്‍നിന്ന് 303 റണ്‍സും മൂന്ന് വിക്കറ്റും നേടിയിരുന്നു. 130 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന താരം, മധ്യനിരയില്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന ബാറ്റര്‍കൂടിയാണ്. ഐ.പി.എല്ലില്‍ മധ്യനിരയില്‍ വെടിക്കെട്ടുമായി തിളങ്ങിയിരുന്നു താരം.
അതേസമയം സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ യുവ-പുതുമുഖ താരങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനും സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറുമാണ്. ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്ക്വാദ്, റിങ്കു സിങ്, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ടീമിലുണ്ട്. രോഹിത്, കോലി, ജഡേജ, ഹാര്‍ദിക് ഉള്‍പ്പെടെയുള്ള ലോകകപ്പ് കളിക്കുന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.
Content Highlights: shivam dube replaces injured nitish reddy in indias t20i zimbabwe tour