‘അദ്ദേഹം എന്തുവേണമെങ്കിലും പറയട്ടെ’; അഗാർക്കർക്കെതിരേ ഷമി, വാക്പോര് തുടരുന്നു

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിൽ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയും ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കറും തമ്മിൽ വാക്പോര്. ഓസീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഷമി സെലക്ടര്‍മാരെ വിമര്‍ശിച്ചിരുന്നു. ഫിറ്റായിരുന്നെങ്കില്‍ ഷമി ടീമിലുണ്ടാകുമായിരുന്നുവെന്നാണ് പിന്നീട് അഗാര്‍ക്കർ പ്രതികരിച്ചത്. ഇപ്പോഴിതാ അഗാർക്കർക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷമി.
അദ്ദേഹം എന്തുവേണമെങ്കിലും പറയട്ടേയെന്നാണ് അഗാർക്കറുടെ പ്രതികരണത്തിന് ഷമി മറുപടി നൽകിയത്. ടീമിലെടുക്കാത്തതിലുള്ള അതൃപ്തി വെളിവാക്കുന്നതാണ് താരത്തിന്റെ തുടർച്ചയായ പ്രതികരണങ്ങൾ. അദ്ദേഹം എന്ത് വേണമെങ്കിലും പറയട്ടെ. ഞാൻ എങ്ങനെയാണ് പന്തെറിഞ്ഞതെന്ന് നിങ്ങൾ കണ്ടതാണ്. എല്ലാം നിങ്ങളുടെ കൺമുന്നിലുണ്ട്. - അഗാർക്കർക്ക് ഷമി മറുപടി നൽകി. ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ രണ്ട് ഇന്നിങ്സിലുമായി ഷമി ഏഴുവിക്കറ്റ് നേടിയിരുന്നു.
ഫിറ്റായി ഇരിക്കുന്നതു കൊണ്ടാണ് ബംഗാളിനു വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കുന്നതെന്നും ഫിറ്റ്‌നസ് സംബന്ധിച്ച കാര്യങ്ങള്‍ സെലക്ടര്‍മാരെ അറിയിക്കേണ്ടത് തന്റെ ജോലിയല്ലെന്നും ഷമി നേരത്തേ വ്യക്തമാക്കിയിരുന്നു. രഞ്ജി ട്രോഫിയിലെ ദിവസങ്ങള്‍ നീണ്ട മത്സരങ്ങള്‍ കളിക്കാനാകുമെങ്കില്‍ തനിക്ക് ഏകദിനത്തിലും കളിക്കാന്‍ സാധിക്കുമെന്നും ഷമി പറഞ്ഞിരുന്നു.
എന്നാൽ ഫിറ്റായിരുന്നെങ്കില്‍ ഷമി ടീമിലുണ്ടാകുമായിരുന്നു എന്നായിരുന്നു അഗാര്‍ക്കറിന്റെ മറുപടി. ഷമി അത് തന്നോടായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ മറുപടി നല്‍കുമായിരുന്നു. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത് എന്താണെന്ന് അറിയില്ല. ഫിറ്റാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം ടീമില്‍ ഉണ്ടാകുമായിരുന്നുവെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
2023 ഏകദിന ലോകകപ്പിനുശേഷം പരിക്കേറ്റ ഷമി, ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലാണ് താരം ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയത്. ടൂര്‍ണമെന്റില്‍ വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ താരവും ഷമിയായിരുന്നു.
Content Highlights: shami response to agarkars comment