ഹസീനയ്ക്ക് പിറന്നാളാശംസ: മുന്‍നായകന് മുന്നിൽ വാതിൽ കൊട്ടിയടച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷാക്കിബ് അല്‍ ഹസൻ (ഫയല്‍ ചിത്രം)
ഷാക്കിബ് അല്‍ ഹസൻ (ഫയല്‍ ചിത്രം)

ധാക്ക: മുന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാക്കിബ് അല്‍ ഹസന് മുന്നില്‍ ദേശീയ ടീമിന്റെ വാതില്‍ എന്നന്നേക്കുമായി കൊട്ടിയടയ്ക്കാന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. ഷാക്കിബിനെ മേലില്‍ ടീമിലെടുക്കരുതെന്ന് സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് മഹ്‌മൂദ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ ബോര്‍ഡിന് ഇത്തരത്തിലൊരു നിര്‍ദേശം രേഖാമൂലം നല്‍കിയിട്ടില്ലെന്ന് മുഹ്‌മൂദ് വിശദീകരിച്ചു.

പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പിറന്നാളാശംസ നേര്‍ന്നതാണ് ഷാക്കിബിനെതിരേയുണ്ടായ പെട്ടന്നുള്ള പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. രാജ്യത്തെ രാഷ്ട്രീയത്തില്‍ ഷാക്കിബ് ഇടപെടുന്നതിന്റെ തെളിവാണിതെന്ന് മഹ്‌മൂദ് പറഞ്ഞു. ഷാക്കിബ് ഹസീനയുടെ അവാമി ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും മഹ്‌മൂദ് ആരോപിച്ചു. ബംഗ്ലാദേശിന്റെ പതാകയേന്താനോ ദേശീയ ടീമിന്റെ ജെഴ്‌സിയണിയാനോ അയാളെ ഇനി അനുവദിക്കാനാവില്ല. അയാളെ ഭാവിയില്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഇതു സംബന്ധിച്ച് ഞാന്‍ വാക്കാല്‍ തന്നെ ക്രിക്കറ്റ് ബോര്‍ഡിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഹ്‌മൂദ് പറഞ്ഞു.

ക്രിക്കറ്റുമായി ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഷൈ്ഖ് ഹസീനയെന്നും അതുകൊണ്ടാണ് ആശംസ നേര്‍ന്നതെന്നും ഷാക്കിബ് വിശദീകരിച്ചു. അതിന് രാഷ്ട്രീയപരമായി ദുരദ്ദേശ്യങ്ങളൊന്നുമില്ലെന്നും ഷാക്കിബ് പറഞ്ഞു. തന്റെ കരിയര്‍ അവസാനിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം ഒരാള്‍ ഏറ്റെടുത്തത് കാണുമ്പോള്‍ സന്തോഷമുണ്ട്. എന്നെങ്കിലുമൊരിക്കല്‍ എനിക്കെന്റെ മാതൃരാജ്യത്ത് തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ഷാക്കിബ് പറഞ്ഞു.

ബംഗ്ലാദേശിനുവേണ്ടി 71 ടെസ്റ്റും 247 ഏകദിനവും 129 ടിട്വന്റിയും കളിച്ചിട്ടുള്ള ഷാക്കിബ് കഴിഞ്ഞ ഒരു വര്‍ഷമായി കളത്തിന് പുറത്താണ്. ഷെയ്ഖ് ഹസീസ സ്ഥാനഭൃഷ്ടയാക്കപ്പെട്ടശേഷം ബംഗ്ലാദേശ് വിട്ട ഷാക്കിബ് ഇപ്പോള്‍ അമേരിക്കയിലാണ് താമസം.