ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങള്‍ക്കെതിരെയും സെഞ്ചുറി നേടുന്ന ആദ്യതാരം, ചരിത്രമെഴുതി ഷായ് ഹോപ്പ്

നേപിയര്‍ (ന്യൂസീലന്‍ഡ്): ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങള്‍ക്കെുമെതിരേ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിന്‍ഡീസിന്റെ ഷായ് ഹോപ്പ്. ബുധനാഴ്ച ന്യൂസീലന്‍ഡിനെതിരേ നേപ്പിയറില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെയാണ് ഹോപ്പ് ഈ ചരിത്ര നേട്ടത്തിലെത്തിയത്. 69 പന്തില്‍ നിന്ന് 13 ഫോറുകളും നാല് സിക്‌സറുകളും ഉള്‍പ്പെടെ 109 റണ്‍സാണ് ഹോപ്പ് അടിച്ചെടുത്തത്.
മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ നേട്ടമാണ് ഹോപ്പ് മറികടന്നത്. ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങള്‍ക്കുമെതിരേ ദ്രാവിഡ് സെഞ്ചുറി നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് 10 രാജ്യങ്ങള്‍ക്കു മാത്രമായിരുന്നു ടെസ്റ്റ് യോഗ്യത. ടെസ്റ്റ് കളിക്കുന്ന 10 രാജ്യങ്ങളിലെ മൈതാനത്തും ദ്രാവിഡ് സെഞ്ചുറി കണ്ടെത്തിയിട്ടുണ്ട്. ദ്രാവിഡ് വിരമിച്ച ശേഷം അഫ്ഗാനിസ്താനും അയര്‍ലന്‍ഡിനും ടെസ്റ്റ് പദവി ലഭിച്ചിരുന്നു. ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറും ഒമ്പത് ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരേ സെഞ്ചുറി നേടിയിട്ടുണ്ട്.
ഇതോടെ വെസ്റ്റിന്‍ഡീസിനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന ബ്രയാന്‍ ലാറയുടെ നേട്ടത്തിനൊപ്പമെത്താനും ഹോപ്പിനായി. ഇരുവര്‍ക്കും 19 സെഞ്ചുറികള്‍ വീതമാണുള്ളത്. 25 സെഞ്ചുറികള്‍ നേടിയ ക്രിസ് ഗെയ്‌ലാണ് ഒന്നാമത്. മാത്രമല്ല വിവിയന്‍ റിച്ചാര്‍ഡ്‌സിനു ശേഷം ഏകദിനത്തില്‍ വേഗത്തില്‍ 6000 റണ്‍സ് കണ്ടെത്തുന്ന വിന്‍ഡീസ് താരവുമായി. റിച്ചാര്‍ഡ്‌സ് 141 ഇന്നിങ്‌സുകളില്‍ നിന്നാണ് 6000-ല്‍ എത്തിയതെങ്കില്‍ ഹോപ്പ് 142-ാം ഇന്നിങ്‌സിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.
Content Highlights: Shai Hope makes history! Becomes the first player to score a century against all 12 Test-playing nations. Cricket records shattered!