സര്‍ഫറാസിനെ ടെസ്റ്റ് ക്യാപ്പണിയിച്ച് കുംബ്ലെ; കരച്ചിലടക്കാനാകാതെ പിതാവ് | VIDEO

സര്‍ഫറാസിനെ ടെസ്റ്റ് ക്യാപ്പ് അണിയിച്ച ശേഷം കൈ നല്‍കുന്ന കുംബ്ലെ, അരങ്ങേറ്റ മത്സരത്തിനു മുന്‍പായി സര്‍ഫറാസ് ഖാനും പിതാവ് നൗഷാദ് ഖാനും | BCCI, AFP
സര്‍ഫറാസിനെ ടെസ്റ്റ് ക്യാപ്പ് അണിയിച്ച ശേഷം കൈ നല്‍കുന്ന കുംബ്ലെ, അരങ്ങേറ്റ മത്സരത്തിനു മുന്‍പായി സര്‍ഫറാസ് ഖാനും പിതാവ് നൗഷാദ് ഖാനും | BCCI, AFP

രാജ്‌കോട്ട്: സര്‍ഫറാസ് ഖാന്റെ അരങ്ങേറ്റ ടെസ്റ്റില്‍ വൈകാരിക നിമിഷങ്ങള്‍ക്ക് സാക്ഷിയായി രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്‌റ്റേഡിയം. ഇന്ത്യയുടെ മുന്‍ സ്പിന്‍ താരം അനില്‍ കുംബ്ലെയായിരുന്നു സര്‍ഫറാസിനെ ടെസ്റ്റ് ക്യാപ്പണിയിച്ചത്. ഗ്രൗണ്ടില്‍ ഇത് കണ്ട് കുറച്ചപ്പുറം നില്‍ക്കുകയായിരുന്ന സര്‍ഫറാസിന്റെ പിതാവ് നൗഷാദ് ഖാന് സന്തോഷംകൊണ്ട് കരച്ചിലടക്കാനായില്ല. 

സര്‍ഫറാസ് ഖാനൊപ്പം ധ്രുവ് ജുറേലിനും ഇന്ന് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റ മത്സരമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് ജുറേലിന്റെ ടീമിലെ സ്ഥാനം. രഞ്ജി ട്രോഫി ക്രിക്കറ്റിലെ കഴിഞ്ഞ മൂന്ന് സീസണുകളിലെ മികച്ച പ്രകടനം മുന്‍നിര്‍ത്തിയാണ് സര്‍ഫറാസിനെ ടീമിലുള്‍പ്പെടുത്തിയത്. 45 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നായി 3912 റണ്‍സാണ് താരം നേടിയത്. 14 സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറിയും നിറഞ്ഞതാണ് ഈ ഇന്നിങ്‌സുകള്‍. ഇതുകൂടാതെ ഇംഗ്ലണ്ട് ലയണിനെതിരായ ഇന്ത്യ എ ടീമിനുവേണ്ടിയും മികച്ച പ്രകടനം നടത്തി. 

രണ്ടാം ടെസ്റ്റില്‍ തന്നെ സര്‍ഫറാസ് ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ആദ്യ ഇലവനിലുണ്ടായിരുന്നില്ല. അതേസമയം മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങിനിറങ്ങി. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് നേടി. രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. 
 

Content Highlights: sarfaraz khan test debut father noushad khan