'ഭാര്യ പൊട്ടിക്കരഞ്ഞു, ഗംഭീറാണ് ആദ്യം വിളിച്ച് ആശ്വസിപ്പിച്ചത്'-ഡ്രസ്സിങ് റൂം വിവാദത്തിൽ സർഫറാസ് ഖാൻ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്
ഗൗതം ഗംഭീര്‍/ സര്‍ഫറാസ് ഖാന്‍ | Photo: PTI/ youtube/ aakash chopra
ഗൗതം ഗംഭീര്‍/ സര്‍ഫറാസ് ഖാന്‍ | Photo: PTI/ youtube/ aakash chopra

മുംബൈ: ബോർഡർ-ഗാവസ്‌കർ ട്രോഫി മത്സരത്തിനിടെ ഡ്രസ്സിങ് റൂമിലുണ്ടായ വിവാദത്തിൽ മനസ്സ് തുറന്ന് ഇന്ത്യൻ താരം സർഫറാസ് ഖാൻ. താൻ ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർത്തിയെന്ന വാർത്തകൾ കടുത്ത മാനസികാഘാതമാണ് ഉണ്ടാക്കിയതെന്നും കുടുംബത്തെ ഒന്നാകെ അത് ബാധിച്ചുവെന്നും സർഫറാസ് പറയുന്നു. അന്ന് തന്നെ ആദ്യം വിളിച്ച് സംസാരിച്ചത് ഗൗതം ഗംഭീറാണെന്നും ആകാശ് ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിൽ സർഫറാസ് പറയുന്നു.

'എനിക്കെന്റെ ഫോൺ സ്വിച്ച് ഓഫ് വരെ ചെയ്യേണ്ടി വന്നു. ജിജി സർ രണ്ട് വട്ടം എന്നെ വിളിച്ചു. പുറത്തു നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കരുതെന്നും ക്രിക്കറ്റിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂവെന്നും പറഞ്ഞു. എനിക്ക് അത് മനസിലാകുമെന്നും എന്നാൽ പിതാവ് ആകെ സങ്കടത്തിലാണെന്നും ഞാൻ ജിജി സാറോട് പറഞ്ഞു. ഭാര്യ ഇപ്പോഴും കരയുകയാണെന്നും അദ്ദേഹത്തെ അറിയിച്ചു. തുടർന്ന് അദ്ദേഹം എന്റെ പിതാവിനെ വിളിച്ച് സംസാരിച്ചു. ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം നൽകരുതെന്നും സർഫറാസ് മികച്ച താരമാണ്, അവൻ ക്രിക്കറ്റ് കളിക്കട്ടെ എന്നും പിതാവിനോട് പറഞ്ഞു. എന്താവശ്യമുണ്ടെങ്കിലും വിളിക്കൂവെന്നും അറിയിച്ചു.'-സർഫറാസ് വ്യക്തമാക്കി.

വിവാദത്തിൽ തനിക്ക് പങ്കില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സർഫറാസ് പറയുന്നു. 'അന്ന് എന്നെ ആ വാർത്തകൾ വല്ലാതെ വേദനിപ്പിച്ചു. എന്റെ ഫ്‌ളൈറ്റ് ലാൻഡ് ചെയ്തപ്പോൾ മുതൽ ഫോൺ വിളികളും മെസ്സേജുകളും കൊണ്ട് നിറഞ്ഞു. സോഷ്യൽ മീഡിയയിലും ഇക്കാര്യംമാത്രം. പര്യടനത്തിനിടയിൽ പരിക്കേറ്റതിനാൽ ഞാൻ എൻസിഎയിൽ റീഹാബിന് പോയി. ആരോടാണ് പോയി സംസാരിക്കേണ്ടത് എന്ന് പോലും എനിക്കറിയില്ലായിരുന്നു. ആ വാർത്തകളെല്ലാം അടിസ്ഥാന രഹിതമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യ എ ടീമിലേക്കും പിന്നീട് ശ്രീലങ്ക പര്യടനത്തിലേക്കും എന്നെ തിരഞ്ഞെടുക്കുമായിരുന്നോ? ആരാണ് ഇതെല്ലാം പ്രചരിപ്പിക്കുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിളിച്ചിട്ട് ആരും ഫോണെടുത്തില്ല. കുടുംബത്തിന് തന്നെ ചീത്തപ്പേരായി.'-സർഫറാസ് വ്യക്തമാക്കി.

Content Highlights: Sarfaraz Khan denied leaking dressing room information during the Border-Gavaskar Trophy., He revealed the severe mental stress it caused his wife and father., Head coach Gautam Gambhir called him twice and spoke to his father to offer full support.