മാരകഫോമിൽ സഞ്ജു, പന്തിനെ മറികടന്ന് ഏകദിന ലോകകപ്പ് ടീമിലെത്തുമോ?

#സ്പോർട്സ് ഡെസ്ക്
rishabh pant and sanju samson | Photo: CHANDAN KHANNA / AFP
rishabh pant and sanju samson | Photo: CHANDAN KHANNA / AFP

ന്യൂഡൽഹി: വൈറ്റ് ബോൾ ക്രിക്കറ്റിൽ മാരക ഫോമിലാണ് മലയാളിതാരം സഞ്ജു സാംസൺ. ടി20 ലോകകപ്പിലെ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെ ഐപിഎല്ലിലും ഫോം ഒട്ടും ചോർന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് താരം. അത്ര മികച്ച രീതിയിലാണ് മലയാളി താരത്തിന്റെ ബാറ്റിങ്. 20 ഓവർ ക്രിക്കറ്റിലെ പ്രകടനം അമ്പത് ഓവർ ക്രിക്കറ്റിലേക്ക് താരത്തിന് വഴിയൊരുക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. അടുത്തവർഷം ലോകകപ്പ് വരാനിരിക്കേ സെലക്ടർമാർക്ക് സഞ്ജുവിനെ പുറത്തിരിത്താനാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറായി കളിക്കുന്ന ഋഷഭ് പന്തിന് സഞ്ജുവിന്റെ നിലവിലെ ഫോം വൻ ഭീഷണിയാണെന്നാണ് വിലയിരുത്തലുകൾ. ഐപിഎല്ലിലുൾപ്പെടെ സമീപകാലത്ത് പന്തിനേക്കാൾ മികച്ചുനിൽക്കുന്നതാണ് സഞ്ജുവിന്റെ പ്രകടനം. അതിനാൽ വിക്കറ്റ് കീപ്പർ റോളിലേക്ക് സഞ്ജുവിന് മുൻതൂക്കമുണ്ടെന്ന് ആരാധകർ പറയുന്നു. ഏകദിന ക്രിക്കറ്റിലേക്കുള്ള മലയാളി താരത്തിന്റെ തിരിച്ചുവരവിന് ഇത് വഴിയൊരുക്കിയേക്കും. പന്താകട്ടെ ഫോം കണ്ടെത്താനാവാതെ ഉഴറുകയാണ്.

ടി20 ലോകകപ്പിന്റെ താരമായി ചരിത്രമെഴുതിയാണ് സഞ്ജു ടൂർണമെന്റ് അവസാനിപ്പിച്ചത്. അതിന് പിന്നാലെയാണ് ചെന്നൈക്കായി ഗംഭീര ഇന്നിങ്‌സുകൾ കാഴ്ചവെക്കുന്നത്. ഐപിഎല്ലിൽ ഇതിനോടകം രണ്ട് സെഞ്ചുറികൾ താരം നേടിക്കഴിഞ്ഞു. മാത്രമല്ല, റൺവേട്ടക്കാരിൽ മുൻനിരയിൽ തന്നെ സഞ്ജുവുണ്ട്. ഏഴുമത്സരങ്ങളിൽ നിന്ന് 293 റൺസാണ് താരത്തിന്റെ സമ്പാദ്യം. 58.60 ആണ് ശരാശരി. റണ്ണടിക്കുന്നതിനപ്പുറം സാഹചര്യത്തിനനുസരിച്ച് കളിക്കുന്ന ശൈലി സഞ്ജു തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. ആ പ്രൊഫഷണൽ സമീപനമാണ് സഞ്ജുവിനെ വേറിട്ടുനിർത്തുന്നതും. മറുവശത്ത് ഋഷഭ് പന്താകട്ടെ മോശം ഫോമിലാണ്. ഏഴുമത്സരങ്ങളിൽ നിന്ന് 147 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.

ഏകദിനത്തിലും ഭേദപ്പെട്ട പ്രകടനമാണ് സഞ്ജുവിന്റേത്. 16 മത്സരങ്ങളിൽ നിന്നായി 510 റൺസാണ് ഏകദിനത്തിൽ സഞ്ജുവിന്റെ സമ്പാദ്യം. 56.67 ആണ് ശരാശരി. ഒരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും താരത്തിന്റെ പേരിലുണ്ട്. 2023-ലാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. അതേസമയം 31 ഏകദിനങ്ങളിൽ നിന്ന് 871 റൺസാണ് പന്ത് നേടിയത്. ശരാശരി 33.50 മാത്രമാണ്. അടുത്തവർഷം ദക്ഷിണാഫ്രിക്കയിൽ വെച്ചാണ് ലോകകപ്പ് നടക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ സഞ്ജുവിന്റെ പ്രകടനം മികച്ചതാണെന്നതിനാൽ ലോകകപ്പ് സ്‌ക്വാഡിൽ ഇടംപിടിച്ചേക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Content Highlights: Sanju Samson's consistent performance in T20s and IPL creates a strong case for ODI selection., Rishabh Pant's current form struggles compared to Samson's high batting average., Samson holds a superior ODI average (56.67) compared to Pant (33.50)., The 2026 World Cup in South Africa favors players with strong technical adaptability., Selectors are under pressure to reconsider the wicketkeeper-batter role for the upcoming global tournament.