സഞ്ജുവല്ലാതെ മറ്റാര്...; ഐസിസിയുടെ മാർച്ചിലെ താരം, പുരസ്കാരം നേടുന്ന ആദ്യ മലയാളി

#സ്പോർട്സ് ഡെസ്ക്
Sanju Samson | Photo: PTI
Sanju Samson | Photo: PTI

മുംബൈ: 2026 മാർച്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) മികച്ച താരത്തിനുളള പുരസ്കാരം സഞ്ജു സാംസണ്. ഐപിഎൽ അരങ്ങേറ്റത്തിന്റെ പതിമൂന്നാം വാർഷികദിനത്തിലാണ് സഞ്ജുവിനെ തേടി  ഈ അംഗീകാരം എത്തുന്നത്. പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് സഞ്ജു.

ട്വന്റി 20 ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇതാദ്യമായാണ് സഞ്ജുവിന് ഐസിസി പുരസ്കാരം ലഭിക്കുന്നത്. ജസ്പ്രിത് ബുംറയായിരുന്നു ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം. ബുംറയെ മറികടന്നാണ് സഞ്ജു പുരസ്കാരനേട്ടം സ്വന്തമാക്കിയത്. ന്യൂസീലൻഡ് ഓൾ റൗണ്ടർ മെലി കെർ വനിതാ വിഭാഗത്തിൽ പുരസ്കാരം നേടി.

ട്വന്റി 20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായിരുന്നു സഞ്ജു സാംസൺ. നിർണായകഘട്ടത്തിൽ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് ആയിരുന്നു ഇന്ത്യൻ ടീമിനെ രക്ഷിച്ചത്. സഞ്ജുവിന്റെ പ്രകടനം ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം നിലനിർത്താൻ സഹായിക്കുകയും ചെയ്തു.

ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരേ പുറത്താകാതെ 97 റൺസ്, ഇംഗ്ലണ്ടിനെതിരേ സെമി ഫൈനലിൽ 89 റൺസ്, ന്യൂസീലൻഡിനെതിരേ ഫൈനലിൽ 89 റൺസും സഞ്ജു നേടിയിരുന്നു. നിലവിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി പ്രകടനവുമായി സഞ്ചു തിളങ്ങിയിരുന്നു.

Content Highlights: Sanju Samson becomes the first-ever Malayali to win the ICC Player of the Month award., Awarded for his exceptional performance in the 2026 T20 World Cup., Outperformed Jasprit Bumrah to secure the prestigious title., Key innings included match-winning performances against West Indies, England, and New Zealand.