സഞ്ജുവിന്റെ സാന്നിധ്യം ഗെയ്ക്വാദിനെ സമ്മർദത്തിലാക്കുന്നുണ്ടോ? പ്രതികരണവുമായി മുൻ താരങ്ങൾ

#സ്പോർട്സ് ഡെസ്ക്
സഞ്ജു സാംസണും ഋതുരാജ് ​ഗെയ്ക്വാദും | PTI
സഞ്ജു സാംസണും ഋതുരാജ് ​ഗെയ്ക്വാദും | PTI

ചെന്നൈ: നിരാശപ്പെടുത്തുന്നതായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന്റെ പുതിയ ഐപിഎൽ സീസണിലെ തുടക്കം. ആദ്യ രണ്ട് മത്സരങ്ങളും ടീം തോറ്റു. രാജസ്ഥാനോട് എട്ടുവിക്കറ്റിനും പഞ്ചാബിനോട് അഞ്ചുവിക്കറ്റിനുമാണ് പരാജയപ്പെട്ടത്. നായകൻ ഋതുരാജ് ഗെയ്ക്വാദിനെ സമ്മർദത്തിലാക്കുന്നത് കൂടിയാണ് ഈ തോൽവികൾ. മാത്രമല്ല, നായകനായി പരിചയസമ്പത്തുള്ള സഞ്ജു ടീമിലെ നിർണായക സാന്നിധ്യവുമാണ്. ഇപ്പോഴിതാ സഞ്ജുവിന്റെ ടീമിലെ സാന്നിധ്യം സംബന്ധിച്ച് ചർച്ചകൾ ഉയരുകയാണ്.

കഴിഞ്ഞ ദിവസം ക്രിക്ക് ബസിലെ ഒരു ചർച്ചയ്ക്കിടയിലാണ് ചെന്നൈ ടീമിലെ സഞ്ജുവിന്റെ സാന്നിധ്യത്തെ കുറിച്ച് ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ മൈക്കിൾ വോണും ന്യൂസിലൻഡിന്റെ മുൻ പേസർ സൈമൺ ഡൂളും പരാമർശിച്ചത്. രാജസ്ഥാൻ റോയൽസിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസണിന്റെ സാന്നിധ്യം നിലവിലെ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയാണോ എന്നതായിരുന്നു ചർച്ചാവിഷയം. "ക്യാപ്റ്റൻ ഗെയ്‌ക്ക്‌വാദിനെക്കുറിച്ച് എന്താണ് പറയുന്നത്? അദ്ദേഹം സഞ്ജുവിന്റെ സാന്നിധ്യത്തെ ഭയക്കുന്നുണ്ടോ? - വോൺ ചോദിച്ചു. തീർച്ചയായും, വോണിന്റെ ചോദ്യത്തിന് ഡൂൾ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

സഞ്ജുവിനെ പോലെ പരിചയസമ്പന്നനായ താരവും മുൻ നായകന്റെയും സാന്നിധ്യം ഗെയ്ക്വാദിന് ഭീഷണിയാണെന്നാണ് വോണും പ്രതികരിച്ചത്. നിലവിൽ കളിച്ച ആദ്യ രണ്ട് മത്സരങ്ങളും ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ട് നിൽക്കുന്ന സന്ദർഭത്തിലാണ് ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവന്നത്. അതേസമയം സഞ്ജു ടീമിന്റെ ഭാവി ക്യാപ്റ്റനാണ് എന്ന നിലയ്ക്കുള്ള ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്. കഴിഞ്ഞ ലേലത്തിന് മുൻപ് ട്രേഡ് ഡീലിലൂടെയാണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കുന്നത്.

നിലവിൽ സഞ്ജുവിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നതാണ്. കളിച്ച രണ്ട് മത്സരത്തിലും മലയാളി താരത്തിന് ഫോം കണ്ടെത്താനായില്ല. രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ആറ് റൺസും പഞ്ചാബിനെതിരായ മത്സരത്തിൽ ഏഴ് റൺസുമാണ് താരത്തിന്റെ സമ്പാദ്യം. ടി20 ലോകകപ്പിൽ കളിച്ചതുപോലെ സഞ്ജു ഇവിടെയും ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ടെന്ന് ഡൂൾ കൂട്ടിച്ചേർത്തു.

സഞ്ജു സാംസൺ 2021 മുതൽ രാജസ്ഥാനെ നയിക്കുന്നുണ്ട്. ആ വർഷം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ഋതുരാജാകട്ടെ 2019 മുതൽ ചെന്നൈയുടെ നെടുംതൂണാണ്. അന്ന് ലേലത്തിൽ 20 ലക്ഷത്തിനാണ് താരം ടീമിലെത്തുന്നത്. 2022 സീസണിന് മുന്നോടിയായി 6 കോടിക്ക് ടീം നിലനിർത്തി. രണ്ട് വർഷങ്ങൾക്കിപ്പുറം ടീമിന്റെ നായകനുമായി.

Content Highlights: CSK faces a difficult start in IPL 2026 with two consecutive losses., Experts Michael Vaughan and Simon Doull discuss if Sanju Samson's presence pressures captain Ruturaj Gaikwad., Sanju Samson, a former Rajasthan Royals captain, is being viewed by fans as a future leader for CSK., Both Gaikwad and Samson are struggling for form in the initial matches of the 2026 season.