അപമാനത്തിൽ നിന്ന് അഭിമാനംകാത്ത ചേട്ടൻ; ഇനി തഴയാനാവില്ല ബ്രാൻഡ് സഞ്ജുവിനെ

സഹതാരങ്ങള്‍ക്കൊപ്പം സഞ്ജു സാംസണ്‍ |ഫോട്ടോ:AFP
സഹതാരങ്ങള്‍ക്കൊപ്പം സഞ്ജു സാംസണ്‍ |ഫോട്ടോ:AFP

ന്ത്യയിൽ ജനപ്രീതി പ്രകടനം മാത്രമല്ല വൈകാരികമായ ചില ഘടകങ്ങൾകൂടിയാണത്. കഴിഞ്ഞ ഒരു ദശകക്കാലമായി, സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമാണെങ്കിലും ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു കരിയർ.എന്നാൽ ഇക്കാലത്തിനിടയിൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ സഞ്ജു ഉണ്ടാക്കിയെടുത്ത ഓളം മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്തതാണ്. ഓരോ ടീം സെലക്ഷനുകളിലും സഞ്ജു വാർത്തകളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞുനിന്നു. അർഹതയുണ്ടായിട്ടും പലപ്പോഴും തഴയപ്പെട്ടുപോയ സഞ്ജുവിനായി മുറവിളികളുയർന്നു. ഗംഭീരമായ ചില ഇന്നിങ്സുകളിലടൂടെ ആരാധകരുടെ മനംകവർന്നു. പ്രകടനത്തേക്കാളുപരി ശാന്തമായി സംസാരിക്കുന്ന, മര്യാദയുള്ള, വിനയമുള്ള, വളരെ സമീപിക്കാവുന്ന വ്യക്തിയെന്ന നിലയിൽ സഞ്ജു ഇന്ത്യൻ ക്രിക്കറ്റിലെ വ്യത്യസ്തമായ ബ്രാൻഡായി മാറുകയും ചെയ്തു.

സഞ്ജുവിനെ മാറ്റിനിർത്തിയാണ് ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ തുടക്കം. ടൂർണ്ണമെന്റിന്റെ മുഖവും ഏറ്റവും വിലയേറിയ താരവുമായി മാറിയ അതിശയിപ്പിക്കുന്ന തിരിച്ചുവരവാണ് സഞ്ജു നടത്തിയത്. ആഴ്ചകൾക്ക് മുമ്പ് സ്വന്തം നാട്ടിൽ ബാറ്റിങ്ങിൽ പരാജിതനായതിന് പിന്നാലെ വിക്കറ്റ് കീപ്പിങ്ങിൽനിന്ന് വരെ മാറിനിൽക്കേണ്ടി വന്ന് അപമാനഭാരത്തിൽ കളംവിടേണ്ടി വന്ന സഞ്ജുവാണിപ്പോൾ രാജ്യത്തെ അഭിമാന നെറുകയിലേക്ക് എത്തിച്ചിരിക്കുന്നത്. അതേ ന്യൂസീലൻഡ് ബൗളർമാരെ പറത്തിവിട്ട് ഗാലറിയെ കോരിത്തരിപ്പിച്ച് സഞ്ജുവിന്റെ മധുരപ്രതികാരം. കരിയറിലെ ഉയർച്ചയ്‌ക്കൊപ്പം സഞ്ജുവെന്ന ബ്രാൻഡ്മൂല്യവും ഇതോടൊപ്പം കുതിച്ചുകയറും.

ഗില്ലറ്റ്, ഭാരത്‌പെ, ഡ്രീം11, പ്യൂമ, എസ്ജി തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ മുഖമായിഇതിനോടകം മാറിയ സഞ്ജുവിനെത്തേടി വരാനിരിക്കുന്നത് ഓഫറുകളുടെ പെരുമഴയായിരിക്കും.

കളിക്കളത്തിലെ പ്രകടനങ്ങൾക്ക് പുറമെ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചകളും പ്രതികരണങ്ങളും ബ്രാൻഡ് വാല്യൂ ഉയർത്തുന്ന സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. കളിക്കളത്തിലെ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ ബ്രാൻഡുകളിൽ നിന്ന് തൽക്ഷണ പ്രതികരണങ്ങൾക്കും കാരണമാകുന്നു. ഇംഗ്ലണ്ടിനും വെസ്റ്റ് ഇൻഡീസിനുമെതിരായ അദ്ദേഹത്തിന്റെ സമീപകാല ഇന്നിംഗ്‌സിന് ശേഷം മിന്ത്ര, നോയിസെ തുടങ്ങിയ കമ്പനികളാണ് സഞ്ജുവിനെ പ്രശംസിച്ച് പോസ്റ്റിട്ടിരിക്കുന്നത്. കലാശപ്പോരിലെ പ്രകടനംകൂടി ആകുന്നതോടെ പ്രശംസകളിൽ സഞ്ജു മുങ്ങും.

സന്തുലിതമായ പൊതു പ്രതിച്ഛായയിലാണ് സഞ്ജുവിന്റെ ആകർഷണീയത കുടികൊള്ളുന്നത് എന്നാണ് ബ്രാൻഡ് വിദഗ്ധരെ ഉദ്ധരിച്ച് ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു പരമ്പരാഗത ക്രിക്കറ്റ് കളിക്കാരന്റെ ശാന്തമായ പെരുമാറ്റവും അക്രമണാത്മക ബാറ്റ്‌സ്മാന്റെ കഴിവും അദ്ദേഹം സംയോജിപ്പിക്കുന്നു. പ്രകടനത്തോടൊപ്പം കളിക്കളത്തിന് പുറത്തും ആളുകളെ ആകർഷിക്കുന്ന അത്‌ലറ്റുകളെ അന്വേഷിക്കുന്ന ബ്രാൻഡുകൾക്ക് സഞ്ജു ഇതോടെ ഇഷ്ടതാരമായി മാറുന്നുവെന്നും വിദഗ്ധർ പറയുന്നു.

മാർക്കറ്റിംഗ് കാഴ്ചപ്പാടിൽ സാംസന്റെ ഏറ്റവും വലിയ ശക്തികളിലൊന്ന് അദ്ദേഹത്തിന്റെ ശക്തമായ പ്രാദേശിക ബന്ധമാണെന്നും വിലയിരുത്തപ്പെടുന്നു. മലയാളി താരമായ സഞ്ജുവിന് പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ, യുവ പ്രേക്ഷകർക്കിടയിൽ വിശ്വസ്തരായ ഒരു ആരാധകവൃന്ദമുണ്ട്. ഒപ്പം ഐപിഎല്ലിലൂടെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനെന്ന നിലയിൽ ദക്ഷിണേന്ത്യക്ക് പുറത്തേക്കും സഞ്ജുവെന്ന ബ്രാൻഡ് വ്യാപിച്ചു.

ക്രിക്കറ്റ് പ്രേക്ഷകർക്കപ്പുറം ഫുട്‌ബോൾ ആരാധകരുമായി ഇടപഴകാനുള്ള സഞ്ജുവിന്റെ ശ്രമങ്ങളും ബ്രാൻഡ് മൂല്യം ഉയർത്തി. കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസിഡറായം സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിയുടെ സഹ ഉടമയായും ഫുട്ബോളുമായി പങ്കുചേർന്ന സഞ്ജുവിനെ അടുത്തിടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡറായി നിയമിക്കുകയും ചെയ്തിരുന്നു.

ആധുനിക ക്രിക്കറ്റ് കളിക്കാരെ അവരുടെ കളിക്കളത്തിലെ പ്രകടനത്തിലൂടെ മാത്രം നിർവചിക്കാനാകില്ല. ആരാധകരുമായി ബന്ധപ്പെടാനും വിശ്വസനീയമായ ഒരു പൊതു ഇമേജ് നിലനിർത്താനും ബ്രാൻഡുകളുമായി പങ്കാളിത്തം സ്ഥാപിക്കാനുമുള്ള കഴിവ് പ്രധാനമാണ്. കാണികളെയും ബ്രാൻഡുകളെയും ഒരുപോലെ ആകർഷിക്കുന്ന താരമെന്ന നിലയിൽ സഞ്ജുവിനെ ബിസിസിഐക്കും ഐസിസിക്കും ഒരുപോലെ അനിവാര്യ ഘടകമായിത്തീരും.

Content Highlights: Sanju Samson's evolution from a talented player to a marketable sports brand., The impact of social media and public perception on athlete endorsements