ടെന്‍ഷന്‍ ഫ്രീയായി സഞ്ജു, മനോഹരമായ ഡ്രൈവുകള്‍; പക്ഷേ, എന്തിനായിരുന്നു ആ ഷോട്ട്?

Photo | ANI
Photo | ANI

ചെന്നൈ: ഇരുപത് ഓവറില്‍ 128 റണ്‍സ് മതിയായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍. ടി20യില്‍ ഇന്ത്യയുടെ നില വെച്ചുനോക്കിയാല്‍ നിശ്ചയമായും എത്തിപ്പിടിക്കുമെന്ന് ഉറപ്പുള്ള സ്‌കോര്‍. പക്ഷേ, സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന് 'ടി10' കളിക്കാനാണ് ക്രീസിലേക്ക് ഒരുങ്ങിപ്പുറപ്പെട്ടതെന്ന് ആദ്യ ഓവറില്‍ത്തന്നെ മനസ്സിലായി. ഷൊരീഫുല്‍ ഇസ്ലാമെറിഞ്ഞ ഓപ്പണിങ് ഓവറില്‍ സഞ്ജുവും അഭിഷേകും ചേര്‍ന്ന് നേടിയത് പത്ത് റണ്‍സ്. ഒന്‍പത് റണ്‍സും സഞ്ജുവിന്റെ വക. 

ദീര്‍ഘസമയം ക്രീസില്‍ തുടര്‍ന്നില്ലെങ്കിലും ഉള്ള സമയം സഞ്ജു സുന്ദരമാക്കി. ആദ്യ ഓവറില്‍ ഷൊരീഫുല്‍ ഇസ്ലാമിനെ രണ്ടുതവണ ബൗണ്ടറി കടത്തിക്കൊണ്ട് തുടക്കം. കണ്ണുകുളിര്‍ത്ത രണ്ട് ഡ്രൈവുകള്‍. മികച്ച ടൈമിങ്ങായിരുന്നു രണ്ടിന്റെയും പ്രത്യേകത. തൊട്ടടുത്ത ഓവറില്‍ അഭിഷേക് ശര്‍മ ഒരു സിക്‌സും രണ്ട് ബൗണ്ടറിയും നേടിയശേഷം പുറത്ത്. റണ്ണൗട്ടായിരുന്നു. സിംഗിളിനായുള്ള ശ്രമത്തില്‍ സഞ്ജുവുമായുണ്ടായ ആശയക്കുഴപ്പമാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. 

മൂന്നാം ഓവറില്‍ ഷൊരീഫുല്‍ ഇസ്ലാമിനെ സാംസണ്‍ വീണ്ടും ബൗണ്ടറി പായിക്കുന്നു. ശക്തി മുഴുവന്‍ ഫ്രണ്ട് ഫൂട്ടിലേക്ക് ആവാഹിച്ച് നടത്തിയ തകര്‍പ്പന്‍ ഡ്രൈവ്. തുടര്‍ന്ന് മുസ്താഫിസുറിനെ, റിഷാദ് ഹുസൈനെ... പന്തിന്റെ ലാന്‍ഡിങ് മനസ്സിലാക്കിയുള്ള ആറ് ഷോട്ടുകള്‍. അതൊക്കെയും ഏറ്റവും മനോഹരവും... പ്രതിഭ നിറഞ്ഞ ഇന്നിങ്‌സിന് എട്ടാം ഓവറില്‍ അന്ത്യമാവുമ്പോള്‍ 19 പന്തില്‍ 29 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. മെഹിദി ഹസന്‍ മിറാസിനെ അതിര്‍ത്തി കടത്താനുള്ള ശ്രമം റിഷാദ് ഹുസൈന്റെ കൈകളിലൊതുങ്ങി. അന്നേരം ജയിക്കാന്‍ വേണ്ട റണ്‍സിനേക്കാള്‍ കൂടുതല്‍ പന്ത് ബാക്കിയുണ്ടായിരുന്നെന്നിരിക്കേ, എന്തിനായിരുന്നു ആ ഷോട്ട്?

എന്നിരുന്നാലും എടുത്ത റണ്‍സിലുപരി, ഷോട്ടുകളുടെ സ്റ്റൈലുകൊണ്ട് ഓര്‍ക്കപ്പെടും ഈ ഇന്നിങ്‌സ്. 'സണ്‍ഡേ, സഞ്ജു സാംസണ്‍ സ്മാഷ്' എന്ന വാക്കുകളോടെ സഞ്ജുവിന്റെ ഇന്നിങ്‌സിന്റെ ഭാഗം രാജസ്ഥാന്‍ റോയല്‍സ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


 

Content Highlights: sanju samson against bangladesh t20i