സഹായിക്കാൻപോയി റണ്ണൗട്ട് ചോദിച്ചുവാങ്ങി ആഗ; ഹെൽമറ്റും ബാറ്റും എറിഞ്ഞു, ഐ.സി.സി.യുടെ ശാസന

#സ്പോർട്സ് ഡെസ്ക്
Photo: x.com/Ammar4Khan/
Photo: x.com/Ammar4Khan/

മിർപുർ: ക്രിക്കറ്റിൽ പലതരം ഔട്ടുകൾ കണ്ടിട്ടുണ്ട്. എന്നാൽ, എതിർടീമിലെ കളിക്കാരനെ സഹായിക്കാൻപോയി റണ്ണൗട്ട് ചോദിച്ചുവാങ്ങിയതിന്റെ ആഘാതത്തിലാണ് പാകിസ്താൻ ബാറ്റർ സൽമാൻ ആഗ. വെള്ളിയാഴ്ച മിർപുരിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലാണ് ആഗയെ നാണക്കേടിലാക്കിയ റണ്ണൗട്ടുണ്ടായത്. പാകിസ്താൻ ബാറ്റിങ്ങിന്റെ 39-ാം ഓവറിലാണ് സംഭവം. സൽമാൻ ആഗ-മുഹമ്മദ് റിസ്വാൻ സഖ്യമായിരുന്നു ക്രീസിൽ‌. ബൗളർ മെഹ്ദി ഹസ്സൻ മിറാസ്.

ഫോമിലായിരുന്ന ആഗ 62 പന്തിൽ 64 റൺസുമായി നോൺസ്‌ട്രൈക്കർ എൻഡിൽനിൽക്കേ, റിസ്വാന്റെ ഷോട്ടിൽ പന്ത് ആഗയുടെ സമീപത്തെത്തി. റണ്ണിനായി ഓടാൻ ക്രീസ് വിട്ടുനിൽക്കുകയായിരുന്ന ആഗയുടെ പാഡിലും പിന്നീട് ബാറ്റിലും തട്ടിനിന്ന പന്ത് ബൗളർക്ക് എടുത്തുകൊടുക്കാൻ തുനിയുന്നതിനിടെ ഓടിയെത്തിയ മെഹ്ദി ഹസ്സൻ പന്തെടുത്ത് നോൺ സ്‌ട്രൈക്കർ എൻഡിലെ വിക്കറ്റിലേക്കെറിഞ്ഞു. ആഗ റണ്ണൗട്ട്. നിയമപരമായി, റണ്ണിനായി ഓടിയ ബാറ്റർ ക്രീസിൽ തിരിച്ചെത്തുംമുൻപ്‌ ബെയ്ൽസ് തെറിച്ചാൽ ഔട്ടാണ്. മെഹ്ദി അപ്പീലിൽ തീരുമാനം മൂന്നാം അമ്പയർക്ക് വിട്ടപ്പോൾ ഔട്ടാണെന്ന തീരുമാനം വന്നു.

‘ഡെഡ്’ ആയ പന്തെടുത്ത് മെഹ്ദി ഹസ്സന് കൊടുക്കാൻ ശ്രമിച്ചതാണെന്നും പിന്നീട് റണ്ണെടുക്കാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും ആഗ വിശദീകരിച്ചെങ്കിലും കാര്യമുണ്ടായില്ല. ഔട്ട് വിളിച്ചപ്പോൾ ക്രുദ്ധനായി ഹെൽമറ്റും ബാറ്റും എറിഞ്ഞശേഷമാണ് അദ്ദേഹം പിച്ചുവിട്ടത്. അതിനിടെ ബംഗ്ലാദേശ് താരങ്ങളുമായി വാക്കേറ്റവുമുണ്ടായി. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് ഐ.സി.സി.യുടെ ശാസനയും കിട്ടി.

മെഹ്ദിയുടെ അപ്പീലിന് നിയമപരമായ സാധുതയുണ്ടെങ്കിലും ആ നടപടി സ്‌പോർട്‌സ്‌മാൻ സ്പിരിറ്റിന് യോജിച്ചതല്ലെന്ന വാദമുണ്ട്.

‘മെഹ്ദിയുടെ നടപടി നിയമപരമല്ലേയെന്നു ചോദിച്ചാൽ അതെ. പക്ഷേ, അങ്ങനെ എതിരാളിയെ ഔട്ടാക്കാൻ ഞങ്ങൾ ഒരിക്കലും ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല.’ -പിന്നീട് സൽമാൻ ആഗ പറഞ്ഞു.

മത്സരത്തിൽ പാകിസ്താൻ 128 റൺസിന് ജയിച്ചു. കാലാവസ്ഥ മോശമായതിനാൽ ഓവറുകൾ വെട്ടിച്ചുരുക്കിയ മത്സത്തിൽ ‍ഡി.എൽ.എസ്. നിയമപ്രകാരമാണ് വിജയം. സ്‌കോർ: പാകിസ്താൻ 47.3 ഓവറിൽ 274, ബംഗ്ലാദേശ് 23.3 ഓവറിൽ 114 റൺസിന് പുറത്ത് (ലക്ഷ്യം 32 ഓവറിൽ 243). പരമ്പര 1-1 എന്നനിലയിലായി. പാകിസ്താനുവേണ്ടി ഹാരിസ് റൗഫും മാസ് സദാഖത്തും മൂന്നുവിക്കറ്റുവീതം നേടി. 75 റൺസും നേടിയ സദാഖത്ത് കളിയിലെ താരമായി.

Content Highlights: Salman Agha dismissed after attempting to return the ball to the bowler., Controversial run-out appeal by Mehidy Hasan Miraz sparks debate., Salman Agha faced ICC disciplinary action for his reaction., Pakistan won the rain-affected match by 128 runs via DLS method.