'ചാടിക്കോ, നിന്നെ മുംബൈയിലെടുത്തു', അനന്തരം ബിഗ് ഹിറ്റര്‍ റോളില്‍; സജന, റിയല്‍ ഓള്‍റൗണ്ടര്‍

വനിതാ പ്രീമിയര്‍ ലീഗിന്റേ താരലേലം നടക്കുമ്പോള്‍ സജന സജീവന് ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. ആ സമയത്ത് കൂട്ടുകാരോടൊപ്പം വയനാട്ടിലെ വീടിനടുത്തുള്ള പുഴയില്‍ സജന ചൂണ്ടയിടാന്‍ പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ 'പുഴയിലേക്ക് ചാടിക്കോ, നിന്നെ മുംബൈ ടീമിലെടുത്തു' എന്ന് പറഞ്ഞ് കോച്ച് രാജഗോപാലിന്റെ കോള്‍ വന്നു. വലയില്‍ വലിയ മീന്‍ തന്നെ കുടുങ്ങിയല്ലോ എന്ന സന്തോഷത്തില്‍ സജന വീട്ടിലേക്കോടി.അഞ്ച് ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന സജനയെ 15 ലക്ഷത്തിന് ടീമിലെത്തിച്ച മുംബൈ ഇന്ത്യന്‍സിനും നിരാശപ്പെടേണ്ടി വന്നില്ല. അരങ്ങേറ്റ മത്സരത്തില്‍ അവസാന പന്തിലെ സിക്സറിലൂടെ ടീമിനെ വിജയിപ്പിച്ച സജന തുടര്‍ന്നുള്ള മത്സരങ്ങളില്‍ അക്രോബാറ്റിക് ഡൈവ് ക്യാച്ചിലൂടേയും ഓസീസ് താരം ബെത്ത് മൂണിയുടെ സ്റ്റമ്പ് ഇളക്കിയും ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തു. മുംബൈയുടെ ക്യാമ്പില്‍ നിന്ന് സജന മാതൃഭൂമിയുമായി സംസാരിക്കുന്നു.
യാത്ര ചെയ്തുവന്ന വഴി
കല്ലും മുള്ളും നിറഞ്ഞ യാത്രയായിരുന്നു. പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനുള്ള പരോക്ഷമായ വിലക്ക്, 150 രൂപ കൂലിയുള്ള ചെറിയ ജോലികള്‍, വീട്ടില്‍ നിന്ന് ഏറെ ദൂരമുള്ള കൃഷ്ണഗിരി സ്റ്റേഡിയത്തിലേക്ക് പുലര്‍ച്ചെയുള്ള യാത്രകള്‍ തുടങ്ങി പ്രതിസന്ധികളുടെ ഒരുനീണ്ട നിരതന്നെ മുന്നിലുണ്ടായിരുന്നു. ഇതിനിടയില്‍ 2018-ല്‍ കേരളത്തിലുണ്ടായ പ്രളയവും എന്നെ ബാധിച്ചു. അന്ന് വനിതാ ചലഞ്ചര്‍ ട്രോഫിക്കായുള്ള ഇന്ത്യ റെഡ് ടീമിന്റെ ഭാഗമായിരുന്നു ഞാന്‍. ബെംഗളൂരുവിലായിരുന്നു മത്സരം. വീട്ടിലും വെള്ളം കയറിയതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. ഒടുവില്‍ പോലീസ് ബോട്ടുമായെത്തി. ക്രിക്കറ്റ് കിറ്റും കുറച്ച് ഡ്രസ്സുമെടുത്ത് ഞാന്‍ ബെംഗളൂരുവിലേക്ക് പോയി. അന്ന് മത്സരത്തിനിടയിലും വീട്ടുകാരെ ആലോചിച്ച് ഞാന്‍ ടെന്‍ഷനിലായിരുന്നു. സഹതാരങ്ങളാണ് ആശ്വാസവാക്കുകളുമായി കൂടെനിന്നത്.
മുംബൈ ഡ്രസ്സിങ് റൂമിലെ വൈബ്
എങ്ങനെ സംസാരിച്ചുതുടങ്ങുമെന്നും ഭാഷ പ്രശ്നമാകുമോ എന്നെല്ലാമുള്ള ചിന്തകളായിരുന്നു മനസില്‍. ടീമിനൊപ്പം ചേര്‍ന്നതോടെ എല്ലാ ടെന്‍ഷനും പോയി. ടീം മാനേജ്മെന്റ് വളരെ പ്രൊഫഷണലായി എല്ലാ കാര്യങ്ങളും കൃത്യമായ പ്ലാനിങ്ങിലൂടെയാണ് ചെയ്യുന്നത്. ഡ്രസ്സിങ് റൂമില്‍ സീനിയര്‍, ന്യൂകമര് എന്ന തരത്തിലുള്ള വേര്‍തിരിവുകളൊന്നുമില്ല. നമ്മള് കോളേജില്‍ പഠിക്കുമ്പോഴുള്ള ഒരു ചില്ലിങ് വൈബാണ് ചുറ്റുമുണ്ടായിരുന്നത്. ഓരോ മത്സരം കഴിയുമ്പോഴും മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് സമ്മാനം നല്‍കും. അതോടെ നമ്മുടെ ആത്മവിശ്വാസം കൂടും. ടീമിന്റെ ഇന്‍സ്റ്റഗ്രാം പേജിലെ റീലുകള്‍ പോലെത്തന്നെയാണ് ടീം.
ടീമിലെ റോള്‍
ഓള്‍റൗണ്ടറാണെങ്കിലും ടീമില്‍ ബിഗ് ഹിറ്റര്‍ എന്നതാണ് റോള്‍. കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സാണ് എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. നാല് ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങി. നിലവില്‍ ലീഗിലെ ഏറ്റവും മികച്ച നാലാമത്തെ മികച്ച സ്ട്രൈക്ക് റേറ്റ് (180) എന്റെ പേരിലാണ്. ഒരു മത്സരത്തില്‍ ഒരോവര്‍ എന്ന രീതിയിലാണ് എനിക്ക് ബൗളിങ് തരുന്നത്. മികച്ച ബൗളര്മാരുണ്ടാകുമ്പോള് നമ്മുടെ ആവശ്യമുണ്ടാകില്ല. ഇതുവരെ രണ്ട് വിക്കറ്റെടുത്തു. പരിശീലന മത്സരത്തില്‍ ഓപ്പണിങ് ബൗളറായി എന്നെ പരീക്ഷിച്ചിരുന്നു. അന്ന് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ബൗളിങ്ങാണെങ്കിലും ബാറ്റിങ്ങാണെങ്കിലും കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുക എന്നതാണ് എന്റെ പോളിസി.
സമ്മര്ദ്ദത്തിനിടേയുള്ള സിക്സ്
എന്റെ അരങ്ങേറ്റ മത്സരം, ക്രീസിലെത്തി നേരിടേണ്ടി വരുന്ന ആദ്യ പന്ത്, വിജയിക്കാന്‍ വേണ്ടത് ഒരു പന്തില്‍ അഞ്ച് റണ്‍സ്. പക്ഷേ എന്റെ മനസില്‍ അപ്പോള്‍ അതൊന്നും വന്നില്ല. അടിച്ചാല്‍ ജയിക്കും, മിസ്സ് ആക്കിയാല്‍ തോല്‍ക്കും എന്ന് മാത്രമേ ആലോചിച്ചുള്ളു. ആ സമയത്ത് പേടിച്ചിട്ട് കാര്യമില്ല. പന്ത് വന്നയുടനെ ബാറ്റില്‍ കണക്ട് ചെയ്തു ഗാലറിയിലേക്ക് പറത്തി. ഭാഗ്യം കൂടി ചേര്‍ന്നതോടെ മുംബൈ വിജയിച്ചു. കളി തുടങ്ങിയ കാലം മുതല്‍ പന്ത് പ്രതിരോധിക്കുന്നതിനേക്കാള്‍ അടിച്ചുകളിക്കുന്നതായിരുന്നു എന്റെ ശൈലി. അണ്ടര്‍ 23 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയെല്ലാം പിറന്നത് അങ്ങനെയാണ്. മുംബൈയുടെ മത്സരത്തിലും ആ പ്ലെയിങ് സ്റ്റൈല്‍ എന്നെ തുണച്ചു. ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ എനിക്ക് അത് പുറത്തെടുക്കാനായി.
ഹര്‍മന്‍പ്രീത് കൗറുമായുള്ള സൗഹൃദം
ഹര്മന് ദീദി എന്റെ റോള്‍ മോഡലാണ്. അവര്‍ അടുത്തുമ്പോള്തന്നെ പോസിറ്റീവിറ്റി അനുഭവപ്പെടും. നമുക്ക് എളുപ്പത്തില്‍ ഇടപെടാന്‍ പറ്റും. മത്സരത്തിന്റെ സമ്മര്‍ദ്ദത്തില്‍ നമ്മള് എന്തെങ്കിലും തെറ്റ് ചെയ്താല്‍ ചീത്ത വിളിക്കുമെങ്കിലും കളി കഴിഞ്ഞാല്‍ കൂള്‍ ആണ്. നമുക്ക് സംസാരിക്കാന്‍ എത്ര സമയം വേണമെങ്കിലും തരും. പരിശീലന സമയത്ത് പന്ത് നേരിടുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് നിര്‍ദേശങ്ങള്‍ പറഞ്ഞിരുന്നു. ഓരോ സാഹചര്യവും ദീദി എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന ഞാനും നിരീക്ഷിക്കാറുണ്ട്. ടൂര്‍ണമെന്റിന്റെ തിരക്ക് കഴിഞ്ഞിട്ട് വിശദമായി സംസാരിച്ച് കാര്യങ്ങള്‍ പഠിക്കണമെന്ന് വിചാരിക്കുന്നുണ്ട്.
വിദേശതാരങ്ങളുടെ പ്രൊഫഷണലിസം
അമേലിയ കേര്, ഹെയ്ലി മാത്യൂസ്, ഇസി വോങ് തുടങ്ങി അഞ്ച് വിദേശ താരങ്ങള്‍ ടീമിനൊപ്പമുണ്ട്. ചെറുപ്പം മുതല്‍ കരിയര്‍ കെട്ടിപ്പടുത്തവര്‍. ഞാനെല്ലാം കളിക്കാന്‍ തുടങ്ങിയത് പ്ലസ് ടു മുതലാണ്. അതിന്റെയൊരു വ്യത്യാസം കാണാനാകും. ബാറ്റ് ചെയ്യുന്നതിന് മുമ്പുള്ള തയ്യാറെടുപ്പുകളും വാം അപ്പ് കഴിഞ്ഞാല്‍ ചെയ്യുന്ന വ്യായാമങ്ങളുമെല്ലാം അവരില്‍ നിന്ന് ഞാന്‍ കണ്ടുപഠിക്കുകയാണ്. ഗുഡ് ലെങ്തില്‍ തന്നെ അവര്‍ ബൗളിങ് വേരിയേഷന്‍ ചെയ്ത് വിക്കറ്റ് വീഴ്ത്തും. വേരിയേഷന്‍ ചെയ്യുമ്പോള്‍ എനിക്ക് ചിലപ്പോള്‍ ലൈനും ലെങ്തുമെല്ലാം മാറിപ്പോകും. അതെല്ലാം മെച്ചപ്പെടുത്തണം.
കോച്ച് ഷാര്‍ലെറ്റ് എഡ്വേര്‍ഡ്സും മെന്റര്‍ ജുലന് ഗോസ്വാമിയും
ടീമിലെ ആദ്യ ട്രെയ്നിങ്ങിന്റെ സമയത്തുതന്നെ ഇരുവരും കൂടെയുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും നമുക്ക് പറഞ്ഞുതരും. എന്തെങ്കിലും തെറ്റ് സംഭവിച്ചാലും കുഴപ്പമില്ല, അടുത്തതില്‍ നന്നാക്കാം എന്നാണ് പറയുക. ചീത്ത വിളിച്ച് ആത്മവിശ്വാസം ഇല്ലാതാക്കില്ല. ഓരോ താരങ്ങളുടെ കാര്യത്തിലും ഇരുവര്‍ക്കും വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ട്. ഫീല്‍ഡിങ്, ക്യാച്ചിങ്, വാം അപ്പ് തുടങ്ങിയ സെഷനുകളിലെല്ലാം ഇരുവരും കൃത്യമായ നിര്‍ദേശം നല്‍കും. സപ്പോര്‍ട്ട് സ്റ്റാഫിന്റേയും പിന്തുണ വലുതാണ്. ഓഫ് ഡേ ആണെങ്കില്‍പോലും ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ ചെയ്തുതരും.
Content Highlights: sajana sajeevan mumbai indians big hitter wpl 2024