ഇന്ത്യൻ ക്രിക്കറ്റ് ടീം സഹപരിശീലകൻ റയാൻ ടെൻ ഡോഷാറ്റെ സ്ഥാനമൊഴിഞ്ഞേക്കും

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം സഹപരിശീലകൻ റയാൻ ടെൻ ഡോഷാറ്റെ സ്ഥാനമൊഴിയാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. ബി.സി.സി.ഐ.യും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും അനുമതി നൽകിയാൽ ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തോടെ അദ്ദേഹം സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. സ്ഥാനമൊഴിയാനുള്ള ആഗ്രഹം അദ്ദേഹം ബി.സി.സി.ഐ.യെ അറിയിച്ചിട്ടുണ്ട്. എന്നാൽ ജോലിയോടുള്ള അതൃപ്തിയല്ല ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് വർഷം മുൻപാണ് ടെൻ ഡോഷാറ്റെ ഇന്ത്യൻ ടീമിന്റെ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമാകുന്നത്. ബി.സി.സി.ഐയുമായുള്ള അദ്ദേഹത്തിന്റെ കരാർ കാലാവധി പൂർത്തിയായതായാണ് വിവരം. അതിനാൽ തന്നെ ഇംഗ്ലണ്ടിനെതിരായ നിലവിലെ ഏകദിന പരമ്പരയ്ക്ക് ശേഷം അദ്ദേഹം സ്ഥാനമൊഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാലാണ് ടെൻ ഡോഷാറ്റെ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ലണ്ടനിൽ താമസിക്കുന്ന കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ടുകൾ. മുഖ്യപരിശീലകനായി ഗൗതം ഗംഭീർ ചുമതലയേറ്റപ്പോൾ അദ്ദേഹത്തിന്റെ ശുപാർശ പ്രകാരമാണ് ടെൻ ഡോഷാറ്റെയെ നിയമിച്ചത്.