ശ്രീലങ്കയ്‌ക്കെതിരായ അവസാന രണ്ട് ട്വന്റി 20 യില്‍ ഋതുരാജ് കളിക്കില്ല

ധരംശാല: ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള ബാറ്റര്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ മോഹങ്ങള്‍ക്ക് തിരച്ചടി. ശ്രീലങ്കയ്‌ക്കെതിരായ അവസാന രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് താരം പുറത്തായി. പരിക്കാണ് ഋതുരാജിന് വെല്ലുവിളിയായത്.
പരിശീലനത്തിനിടെ വലത്തേ കൈക്കുഴയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഋതുരാജിനെ ബി.സി.സി.ഐ ടീമില്‍ നിന്ന് പുറത്തിരുത്തി. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് ഋതുരാജിന് ഇന്ത്യന്‍ ടീമിലിടം ലഭിച്ചത്.
ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ ബലത്തിലാണ് സ്ഥിരതയുടെ പര്യായമായ ഋതുരാജിന് ഇന്ത്യന്‍ ടീമിലിടം ലഭിച്ചത്. പക്ഷേ കളിക്കാന്‍ കാര്യമായി അവസരം ലഭിച്ചില്ല. അതിനിടയില്‍ പരിക്ക് കൂടി വന്നതോടെ താരം തളര്‍ന്നു.
ഋതുരാജിന് പകരം മായങ്ക് അഗര്‍വാള്‍ ടീമിലിടം നേടി. മായങ്ക് ഉടന്‍ തന്നെ ടീമിനൊപ്പം ചേരും. ആദ്യ ട്വന്റി 20യില്‍ വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ്. രണ്ടാം മത്സരം ഇന്ന് ഏഴുമണിക്ക് ധരംശാലയില്‍ ആരംഭിക്കും.
Content Highlights: Ruturaj Gaikwad Ruled Out Of Sri Lanka T20Is, Mayank Agarwal Named As Replacement