'ഇപ്പോൾ ഒരു ബസ് പരേഡ് സാധ്യമാണെന്ന് ഞാൻ കരുതുന്നില്ല'-2027 ലോകകപ്പിനെ കുറിച്ച് രോഹിത് ശർമ

രോഹിത് ശര്‍മ | Photo: Getty Images
രോഹിത് ശര്‍മ | Photo: Getty Images

മുംബൈ: അടുത്ത ഏകദിന ലോകകപ്പിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് മറുപടി നൽകി ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ രോഹിത് ശർമ. 2027 ഒക്ടോബറാകാൻ ഇനിയും സമയമുണ്ടെന്ന് രോഹിത് വ്യക്തമാക്കി. മുംബൈയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് രോഹിത്തിന്റെ പ്രതികരണം.

സദസിൽ നിന്നൊരാൾ ലോകകപ്പിനുണ്ടാകുമോ എന്ന് ചോദിക്കുകയായിരുന്നു. '2027 ഒക്ടോബറാകാൻ ഇനിയും സമയമുണ്ട്. അപ്പോൾ നമുക്ക് അതിനെ കുറിച്ച് ആലോചിക്കാം' എന്നായിരുന്നു രോഹിതിന്റെ മറുപടി. ഇന്ത്യ കിരീടം ചൂടുകയാണെങ്കിൽ വെസ്റ്റിൻഡീസിലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിതിന്റെ നേതൃത്വത്തിലുള്ള ടീം മുംബൈയിൽ നടത്തിയ വിജയ പരേഡ് പോലെ, ആരാധകരുമായി ആഘോഷിക്കാൻ തുറന്ന ബസ് പരേഡ് ഉണ്ടാകുമോ എന്നും അദ്ദേഹത്തോട് ചോദിച്ചു. 'ഇപ്പോൾ ഒരു ബസ് പരേഡ് സാധ്യമാണെന്ന് ഞാൻ കരുതുന്നില്ല' എന്നായിരുന്നു ഇന്ത്യൻ താരത്തിന്റെ പ്രതികരണം.

നേരത്തെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും രോഹിതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. രോഹിത് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനാൽ അദ്ദേഹത്തെ കുറിച്ച് ഊഹാപോഹങ്ങൾക്ക് സ്ഥാനമില്ലെന്നായിരുന്നു ദേവജിതിന്റെ പ്രകടനം. 'അദ്ദേഹം ഇപ്പോഴും മികച്ച ഫോമിൽ കളിക്കുന്നു. പിന്നെ നിങ്ങൾക്ക് വേറെ എന്തുവേണം? ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ അദ്ദേഹം 138 റൺസ് നേടി. പിന്നെ എന്തിനാണ് ഇത്തരം ഊഹാപോഹങ്ങൾ?'-ബിസിസിഐയുടെ അവലോകന യോഗത്തിനുശേഷം നടന്ന വാർത്തസമ്മേളനത്തിൽ ദേവജിത് വ്യക്തമാക്കിയിരുന്നു.

Content Highlights: Rohit Sharma responds to speculation about playing in the 2027 ODI World Cup., States that October 2027 is still far away and decisions will be made then., BCCI secretary Devajit Saikia backs Rohit Sharma, dismissing unnecessary speculation due to his strong form.