രോഹിത് പുറത്ത്, നയിക്കാന്‍ ബുംറ; സിഡ്‌നിയില്‍ ജീവന്‍മരണ പോരാട്ടത്തിന് ഇന്ത്യ

സിഡ്നി: ഓസീസിനെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്ത്. മുന്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന് നേരിട്ട തോല്‍വിയും ഫോമില്ലായ്മയുമാണ്
താരത്തിന് വിനയായത്. രോഹിത്തിന് പകരം പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യന്‍ ടീം കളിക്കാനിറങ്ങുന്നത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.
രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ പരമ്പരയിലെ അവസാന ടെസ്റ്റ് കളിക്കുന്നത്. രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്ലും പരിക്കേറ്റ പേസര്‍ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും ടീമില്‍ ഇടം പിടിച്ചു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യത സജീവമാക്കാന്‍ സിഡ്‌നി ടെസ്റ്റിലെ വിജയം ഇന്ത്യന്‍ ടീമിന് അനിവാര്യമാണ്. മത്സരത്തില്‍ പരാജയപ്പെട്ടാന്‍ ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കാണാതെ പുറത്താകും. അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ നിലവില്‍ ഓസ്‌ട്രേലിയ (2-1) മുന്നിലാണ്. സിഡ്‌നി ടെസ്റ്റില്‍ ഓസീസിനെ പരാജയപ്പെടുത്തി, പരമ്പര സമനിലയിലാക്കാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശ പോരിലേക്കുള്ള പ്രതീക്ഷ നിലനിര്‍ത്തുകയുമാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.
നേരത്തേ സിഡ്നി ടെസ്റ്റില്‍ കളിക്കാനില്ലെന്ന് അറിയിച്ച് രോഹിത് ശര്‍മ്മ സ്വയം ഒഴിവാകാനുള്ള സന്നദ്ധത പരിശീലകന്‍ ഗൗതം ഗംഭീറിനെയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെയും അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മത്സരത്തിന് മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ രോഹിത് സിഡ്നി ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഗംഭീര്‍ വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. പിച്ച് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നാണ് പരിശീലകന്‍ മറുപടി നല്‍കിയത്.
രോഹിത്തിന്റെ ടീമിലെ സ്ഥാനമാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട വൃത്തങ്ങളിലെ പ്രധാന ചര്‍ച്ച. രോഹിത് വിട്ടുനിന്ന പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ മികച്ച വിജയം സ്വന്തമാക്കി. എന്നാല്‍ പിന്നീട് രോഹിത് തിരിച്ചെത്തിയതോടെ ക്യാപ്റ്റനെ എവിടെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലായി ടീം. എന്നാല്‍ അഡ്‌ലെയ്ഡിലും ബ്രിസ്ബെയ്നിലും ആറാം നമ്പറിലേക്ക് സ്വയം മാറിയ രോഹിത് പരാജയമായി. മെല്‍ബണില്‍ ഓപ്പണറായി മടങ്ങിയെത്തിയിട്ടും മാറ്റമൊന്നും ഉണ്ടായില്ല. ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും രോഹിത്തിന്റെ പ്രകടനത്തില്‍ ടീം മാനേജ്മെന്റും അതൃപ്തരാണ്.
Content Highlights: Rohit Sharma ruled out of Sydney Test due to poor form and consecutive defeats