'മനുഷ്യനായതില്‍ ലജ്ജ തോന്നി, കണ്ണാടിയിൽ നോക്കാനായില്ല'; വിഷാദത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ഉത്തപ്പ

റോബിന്‍ ഉത്തപ്പ | Photo: PTI
റോബിന്‍ ഉത്തപ്പ | Photo: PTI

ന്യൂഡല്‍ഹി: കടുത്ത വിഷാദത്തിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ. ക്രിക്കറ്റ് മൈതാനത്ത് നേരിടേണ്ടിവന്നതിനേക്കാള്‍ വെല്ലുവിളിനിറഞ്ഞതായിരുന്നു വിഷാദത്തിനെതിരായ പോരാട്ടം. മാനസികമായി പ്രയാസം നേരിടുന്നവര്‍ സഹായം തേടണമെന്നും ഉത്തപ്പ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിഷാദത്തിലൂടെ കടന്നുപോയ കാര്യം അറിയിച്ചത്. മുന്‍ ഇംഗ്ലണ്ട് പരിശീലകന്‍ ഗ്രഹാം തോര്‍പ്പ് വിഷാദംമൂലം ആത്മഹത്യ ചെയ്തതാണെന്ന് കുടുംബം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഉത്തപ്പയുടേയും പ്രതികരണം.

ഞാന്‍ അടുത്തിടെ ഗ്രഹാം തോര്‍പ്പിനേക്കുറിച്ച് കേട്ടു. വിഷാദംമൂലം ജീവനൊടുക്കിയ നിരവധി ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ഞാനും ആ അവസ്ഥയിലൂടെ പോയിട്ടുണ്ട്. ഇത് സുന്ദരമായ ഒരു യാത്രയല്ല. ദുര്‍ബലപ്പെടുത്തുന്നതും ക്ഷീണിപ്പിക്കുന്നതുമാണ്, ഉത്തപ്പ പറഞ്ഞു.

നിങ്ങളെക്കൊണ്ട് ഒരു കാര്യവുമില്ലെന്ന് തോന്നും. സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങള്‍ ഒരു ഭാരമാണെന്ന് തോന്നും. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതുപോലെയും ഓരോ ചുവടുവെക്കുമ്പോഴും ഭാരം കൂടിക്കൂടി വരുന്നതായും അനുഭവപ്പെടും. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കാതെ വര്‍ഷങ്ങള്‍ ഞാന്‍ കടന്നുപോയിട്ടുണ്ട്. 2011-ലാണത്. മനുഷ്യനായി ജനിച്ചതില്‍ ലജ്ജ തോന്നിയിട്ടുണ്ട്. കണ്ണാടിയില്‍ നോക്കാന്‍ കഴിയുമായിരുന്നില്ല. ആ നിമിഷങ്ങളില്‍ പരാജിതനായാണ് തോന്നിയത്, ഉത്തപ്പ കൂട്ടിച്ചേര്‍ത്തു

2015-ലാണ് ഉത്തപ്പ അവസാനമായി ഇന്ത്യയ്ക്കായി പാഡണിഞ്ഞത്. പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ഡല്‍ഹി ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. 

Content Highlights: Robin Uthappa opens up on battling depression