തകര്‍പ്പന്‍ ഡൈവിങ് ക്യാച്ച്; ഫീല്‍ഡിങ് മികവിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിച്ച് റെയ്‌ന

റായ്പുര്‍: കളിച്ചിരുന്ന കാലത്ത് ടീം ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററായിരുന്നു സുരേഷ് റെയ്‌ന. ടീമിന് ആശ്രയിക്കാന്‍ തക്ക മികവ് പുലര്‍ത്തിയിരുന്ന പാര്‍ട് ടൈം ബൗളര്‍ കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ അതിലെല്ലാമുപരി ഫീല്‍ഡില്‍ റെയ്‌ന പുറത്തെടുത്തിരുന്ന മികവ് മിക്ക മത്സരങ്ങളിലും ഇന്ത്യയ്ക്ക് തുണയായിരുന്നു. ബൗണ്ടറികള്‍ സേവ് ചെയ്യുന്നതിലും കഠിനമായി ക്യാച്ചുകളെടുക്കുന്നതിലും മികവ് പുലര്‍ത്തിയിരുന്ന താരം കൂടിയായിരുന്നു അദ്ദേഹം.
ഇപ്പോഴിതാ വിരമിച്ചിട്ടും തന്റെ ഫീല്‍ഡിങ് മികവിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് റെയ്‌ന. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ബുധനാഴ്ച ഇന്ത്യ ലെജന്റ്‌സും ഓസ്‌ട്രേലിയന്‍ ലെജന്റ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ഒരു ഡൈവിങ് ക്യാച്ചിലൂടെ റെയ്‌ന ടീം അംഗങ്ങളെ ഞെട്ടിച്ചത്.
തകര്‍ത്തടിച്ച് മുന്നേറുകയായിരുന്ന ഓസ്‌ട്രേലിയയുടെ ബെന്‍ ഡങ്കിനെയാണ് അഭിമന്യു മിഥുന്‍ എറിഞ്ഞ 16-ാം ഓവറില്‍ റെയ്‌ന കിടിലനൊരു ഡൈവിങ് ക്യാച്ചിലൂടെ മടക്കിയത്. 26 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത് ഡങ്ക് മുന്നേറുന്നതിനിടെയാണ് ഫീല്‍ഡിലെ മിന്നും പ്രകടനത്തിലൂടെ റെയ്‌ന ഇന്ത്യ ലെജന്റ്‌സിന്റെ രക്ഷകനായത്.
2020-ല്‍ ധോനിക്ക് പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്‌ന ഈ മാസമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ചത്.
അതേസമയം മഴ കാരണം തടസപ്പെട്ട ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം വെള്ളിയാഴ്ച പുനരാരംഭിക്കും. കളി നിര്‍ത്തിവെയ്ക്കുമ്പോള്‍ 17 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയന്‍ ലെജന്റ്‌സ്.
Content Highlights: Road Safety World Series Suresh Raina with Spectacular Flying Catch