പോണ്ടിങ്ങിനെ പരിശീലകസ്ഥാനത്തു നിന്ന് പുറത്താക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്; ഗാംഗുലി പകരക്കാരനായേക്കും

ന്യൂഡല്‍ഹി: പരിശീലക സ്ഥാനത്തു നിന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ പുറത്താക്കി ഐപിഎല്‍ ഫ്രാഞ്ചൈസി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ശനിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെ ഡല്‍ഹി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏഴു സീസണുകളിലായി ടീമിനെ പരിശീലിപ്പിച്ച പോണ്ടിങ്ങിന് പക്ഷേ ഐപിഎല്‍ കിരീടം ഇതുവരെ ഡല്‍ഹിയിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇത് തന്നെയാണ് പരിശീലകന്റെ പുറത്താക്കലിലേക്ക് നയിച്ചതെന്നാണ് വിവരം. ഇക്കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹിക്ക് ഫിനിഷ് ചെയ്യാനായത്.
അതേസമയം ടീമിന്റെ ഉപദേശകനായിരുന്ന സൗരവ് ഗാംഗുലി പരിശീലകസ്ഥാനം ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി ടീം പോണ്ടിങ്ങിനെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റുമെന്ന് സൗരവ് ഗാംഗലി തന്നെ നേരത്തേ സൂചനകള്‍ നല്‍കിയിരുന്നു. ഒരു ബംഗാളി മാധ്യമത്തോട് പ്രതികരിക്കുമ്പോഴായിരുന്നു ഗാംഗുലി ഇക്കാര്യം പറഞ്ഞത്. ഇതോടൊപ്പം ടീമിന്റെ പരിശീലക റോള്‍ താന്‍ തന്നെ ഏറ്റെടുത്തേക്കുമെന്ന സൂചനയും ഗാംഗുലി തന്നു. അതേസമയം മെഗാ താരലേലം നടക്കാനിരിക്കേ ടീമിനെ നന്നായി അറിയുന്ന ആള്‍ തന്നെ പരിശീലക സ്ഥാനം ഏറ്റെടുക്കേണ്ടതുമുണ്ട്.
Content Highlights: ricky ponting sacked delhi capitals head coach