ഹിന്ദിയില്‍ ജഡേജയുടെ വാര്‍ത്താസമ്മേളനം; വിവാദമാക്കി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍

മെല്‍ബണ്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ ബോക്സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ നടത്തിയ വാര്‍ത്താസമ്മേളനത്തെച്ചൊല്ലി വിവാദം പുകയുന്നു. ശനിയാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഓസ്ട്രേലിയന്‍ മാധ്യമം ഇംഗ്ലീഷില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ജഡേജ മറുപടിനല്‍കിയില്ലെന്നും താരം സംസാരിച്ചത് ഹിന്ദിയിലായിരുന്നെന്നുമാണ് ആരോപണം.
ഹിന്ദിയില്‍ കഴിഞ്ഞ ടെസ്റ്റിനെപ്പറ്റി സംസാരിച്ചശേഷം മറ്റു ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കാതെ ജഡേജ മടങ്ങിയെന്നുമാണ് വിമര്‍ശനം. അതേസമയം പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കായാണ് ജഡേജ പത്രസമ്മേളനം നടത്തിയതെന്നും ഓസ്ട്രേലിയന്‍ മാധ്യമം ഇതില്‍ പങ്കെടുക്കുകയായിരുന്നെന്നും സൂചനയുണ്ട്. വ്യാഴാഴ്ചയാണ് നാലാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.
കഴിഞ്ഞ ദിവസം മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിയ വിരാട് കോലി ഓസ്‌ട്രേലിയന്‍ ടിവി റിപ്പോര്‍ട്ടറോട് ദേഷ്യപ്പെട്ടതും വിവാദമായിരുന്നു. കുടുംബത്തോടൊപ്പം നടന്നുവരികയായിരുന്ന കോലിയുടെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തക പകര്‍ത്തിയതാണ് ഇന്ത്യന്‍ താരത്തെ പ്രകോപിപ്പിച്ചത്. അനുവാദമില്ലാതെ എന്തിനാണ് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തതെന്ന് കോലി ടിവി റിപ്പോര്‍ട്ടറോട് ചോദിക്കുകയും ചെയ്തു.
Content Highlights: ravindra jadeja hindi press conference controversy