ഓരോവറില്‍ ആറ് സിക്‌സറുകള്‍! റോബിന്‍ ഉത്തപ്പയെ പറപറത്തി ഇംഗ്ലണ്ട് താരം, വഴങ്ങിയത് 37 റണ്‍സ്

ഒരോവറില്‍ ആറ് സിക്‌സറുകളടക്കം 37 റണ്‍സ് വഴങ്ങി ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഉത്തപ്പ ഒരോവറില്‍ ഒരു വൈഡും ആറ് സിക്‌സറും അടക്കം 37 റണ്‍സ് വഴങ്ങിയത്. ഇംഗ്ലണ്ടിന്റെ രവി ബൊപ്പാരയാണ് ഉത്തപ്പയെ പറപറത്തിയത്. മത്സരത്തില്‍ ഇന്ത്യ 15 റണ്‍സിന് ഇംഗ്ലണ്ടിനോട് തോറ്റു.
ഉത്തപ്പ എറിഞ്ഞ ഓവറിലെ ആദ്യ അഞ്ചുപന്തുകളിലും രവി ബൊപ്പാര സിക്‌സര്‍ അടിച്ചു. ആറാമത്തെ പന്ത് വൈഡായി. പിന്നാലെ ഓവറിലെ അവസാനപന്തും സിക്‌സര്‍ പറത്തിയാണ് ബൊപ്പാര വെടിക്കെട്ട് തുടര്‍ന്നത്. തുടര്‍ന്ന് അടുത്ത ഓവറില്‍ നേരിട്ട ആദ്യപന്തിലും ബൊപ്പാര സിക്‌സര്‍ നേടി. തുടര്‍ച്ചയായ ഏഴു സിക്‌സറുകള്‍ നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ 14 പന്തില്‍ അര്‍ധസെഞ്ച്വറിയും കടന്നു. എട്ട് സിക്‌സറുകളടക്കം 53 റണ്‍സ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പിന്നാലെ റിട്ടയേര്‍ഡ് ചെയ്യുകയായിരുന്നു.
ബൊപ്പാരയ്‌ക്കൊപ്പം ഇംഗ്ലണ്ടിനായി ബാറ്റിങ്ങിനിറങ്ങിയ സമിത് പട്ടേലും ക്രീസില്‍ വെടിക്കെട്ടാണ് നടത്തിയത്. അഞ്ച് സിക്‌സറുകളും നാല് ബൗണ്ടറിയും അടക്കം 18 പന്തില്‍ 51 റണ്‍സ് നേടി സമിത് പട്ടേല്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിന് കുതിപ്പേകി.
ബൊപ്പാരയുടേയും സമിത് പട്ടേലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവില്‍ നിശ്ചിത ആറോവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആറോവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സേ നേടാനായുള്ളൂ. ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യയ്ക്ക് ഒരുമത്സരം പോലും ജയിക്കാനായിട്ടില്ല. നേരത്തെ പാകിസ്താനോടും യു.എ.ഇ.യോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
Content Highlights: ravi boppara scored 6 sixes in one over