'ഏഷ്യാ കപ്പില്‍ അവന്റെ പ്രകടനം മികച്ചതായിരിക്കും', ഇന്ത്യന്‍ താരത്തെ പുകഴ്ത്തി റാഷിദ് ഖാന്‍

ദുബായ്: ടി20 ലോകകപ്പിന് 50 ദിവസം മാത്രം ബാക്കി നില്‍ക്കെ ശനിയാഴ്ച ആരംഭിക്കുന്ന ഏഷ്യാ കപ്പിന് വലിയ പ്രാധാന്യമുണ്ട്. ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്‍പുള്ള ഡ്രസ് റിഹേഴ്‌സലാണ് ഏഷ്യന്‍ ടീമുകള്‍ക്ക് ഈ ടൂര്‍ണമെന്റ്.
ദുബായില്‍ ശനിയാഴ്ച അഫ്ഗാനിസ്താന്‍-ശ്രീലങ്ക മത്സരത്തോടെ തുടക്കാമാകുന്ന ടൂര്‍ണമെന്റില്‍ ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസതാന്‍ പോരാട്ടം ഞായറാഴ്ചയാണ്.
ഇത്തവണ ഏഷ്യാ കപ്പില്‍ തിളങ്ങാന്‍ സാധ്യതയുള്ള താരത്തെ കുറിച്ച് സംസാരിക്കുകയാണ് അഫ്ഗാന്റെ സൂപ്പര്‍ താരമായ റാഷിദ് ഖാന്‍.ഏഷ്യാ കപ്പില്‍ വിരാട് കോലിയുടെ പ്രകടനം എത്തരത്തിലാകുമെന്ന് എല്ലാവരും ഉറ്റുനോക്കുമ്പോള്‍ മറ്റൊരു ഇന്ത്യന്‍ ബാറ്ററാകും താരം എന്നാണ് റാഷിദ് പ്രവചിക്കുന്നത്. സൂര്യകുമാര്‍ യാദവിന്റെ പ്രകടനം ശ്രദ്ധേയമാകുമെന്നാണ് റാഷിദ് ഖാന്‍ പറയുന്നത്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി നിരവധി തവണയും ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയതിന് ശേഷവും തനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് സൂര്യകുമാര്‍ ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. വളരെ ധൈര്യശാലിയും തന്റെ ഷോട്ടുകളില്‍ വിശ്വസിക്കുകയും ചെയ്യുന്നതാണ് സൂര്യയുടെ പ്രത്യേകത- റാഷിദ് പറഞ്ഞു. വളരെ പോസിറ്റീവായി കളിക്കുന്ന താരമാണവന്‍.
ഐപിഎല്ലില്‍ സൂര്യക്കെതിരെ പന്തെറിയുക എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണെന്നും റാഷിദ് അഭിപ്രായപ്പെട്ടു. പാക്‌സിതാനില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കവേയാണ് റാഷിദ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
അടുത്തിടെ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ് ഇന്ത്യന്‍ താരത്തെ എ.ബി ഡിവില്ലിയേഴ്‌സിനോട് ഉപമിക്കുകയും ചെയ്തിരുന്നു. നിലവില്‍ ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് സൂര്യ. ഒന്നാമതുള്ള പാക് നായകന്‍ ബാബര്‍ അസമിന്റെ ഒന്നാം സ്ഥാനത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്താന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
Content Highlights: rashid khan, asia cup cricket 2022