കേരളം കൂറ്റൻ ലീഡിലേക്ക്; നിലയുറപ്പിച്ച് സച്ചിൻ ബേബിയും ബാബ അപരാജിത്തും

ബാബ അപരാജിത് | KCA
ബാബ അപരാജിത് | KCA

ഇന്ദോർ: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ കേരളം കൂറ്റൻ ലീഡിലേക്ക്. രണ്ടാമിന്നിങ്സ് ബാറ്റിങ് തുടരുന്ന കേരളത്തിന് നിലവിൽ 315 റൺസിന്റെ ലീഡുണ്ട്. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 226 റൺസെന്ന നിലയിലാണ് കേരളം. സച്ചിൻ ബേബിയും(85) ബാബ അപരാജിത്തുമാണ്(89) ക്രീസിൽ. ഒന്നാമിന്നിങ്സിൽ 89 റൺസിന്റെ ലീഡാണ് കേരളത്തിനുള്ളത്.

രണ്ടാമിന്നിങ്‌സില്‍ സച്ചിന്‍ ബേബി, ബാബ അപരാജിത് എന്നിവരുടെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 82-3 എന്ന നിലയില്‍ നിന്ന് ഇരുവരും ചേര്‍ന്ന് ടീമിനെ ഇരുന്നൂറ് കടത്തി. സച്ചിനും അപരാജിത്തും അര്‍ധസെഞ്ചുറിയോടെ ക്രീസിലുണ്ട്. രോഹന്‍ കുന്നുമ്മല്‍(7), അഭിഷേക് ജെ. നായര്‍(30), മുഹമ്മദ് അസറുദ്ദീന്‍(2) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

ആറുവിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച മധ്യപ്രദേശിന് 37 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. നാലുവിക്കറ്റ് കൂടി വീഴ്ത്തി കേരളം മധ്യപ്രദേശിനെ 192 റൺസിന് ഓൾഔട്ടാക്കി. 67 റൺസെടുത്ത സാരന്‍ഷ് ജെയിനാണ് ടീമിന്റെ ടോപ് സ്‌കോർ. ആര്യൻ പാണ്ഡെ 36 റൺസെടുത്തു. കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം നാലുവിക്കറ്റും എം.ഡി. നിധീഷ് മൂന്നുവിക്കറ്റുമെടുത്തു. വി. അഭിജിത് പ്രവീണ്‍, ബാബ അപരാജിത്, ശ്രീഹരി എസ്. നായർ എന്നിവര്‍ക്ക് ഓരോ വിക്കറ്റുമുണ്ട്. മധ്യപ്രദേശ് ഓപ്പണര്‍ യഷ് ദുബെയെ (0) പുറത്താക്കി അഭിജിത് പ്രവീണാണ് കേരളത്തിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പിന്നീട് ഹര്‍ഷ് ഗവാലി (21), ശുഭം ശര്‍മ (10), ഹര്‍പ്രീത് (0), ഹിമാന്‍ഷു മന്ത്രി (21), ഋഷഭ് ചൗഹാന്‍ (21) എന്നിവരും ഒന്നാംദിനം പുറത്തായി.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ കേരളം 281-ന് പുറത്തായിരുന്നു. സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ പുറത്തായ ബാബ അപരാജിതിന്റെ (98) മികവിലാണ് കേരളം ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അഭിജിത് പ്രവീണും (60) അര്‍ധ സെഞ്ചുറി നേടി. ഓപ്പണര്‍ അഭിഷേക് നായര്‍ (47) മികച്ച തുടക്കം നല്‍കി. മധ്യപ്രദേശിനായി അര്‍ഷദ് ഖാന്‍ നാലും സാരംശ് ജെയിന്‍ മൂന്നും വിക്കറ്റുകള്‍ നേടി.

Content Highlights: kerala madhya pradesh ranji match