തടിയുണ്ടെങ്കിലെന്താ, പന്ത് പറന്നും പിടിക്കും; കാണാം കോണ്‍വാളിന്റെ അത്ഭുത ക്യാച്ച്

ജമൈക്ക: വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം റഹ്കീം കോൺവാൾ കളിക്കുന്നതു കണ്ടാൽ ആരും രണ്ടാമതൊന്ന് നോക്കിപ്പോകും. ഒരു ക്രിക്കറ്റ് താരത്തിനും ഇതുവരെ കണ്ടിട്ടില്ലാത്ത ശരീരഭാരമാണ് ഇതിന് കാരണം. എന്നാൽ 140 കിലോ ഭാരമുള്ള ഈ ശരീരം ഒന്നിനും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് കോൺവാൾ.
മനോഹരമായ ക്യാച്ചിലൂടെ പലപ്പോഴും കോൺവാൾ ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കരീബിയൻ പ്രീമിയർ ലീഗിലും കോൺവാൾ തന്റെ ശരീരത്തെ വെല്ലുവിളിക്കുന്ന അത്ഭുത ക്യാച്ചുമായി തിളങ്ങി. കരീബിയൻ പ്രീമിയർ ലീഗിൽ സെന്റ് ലൂസിയ സൗക്സും ഗയാന ആമസോൺ വാരിയേഴ്സും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടത്തിലായിരുന്നു കോൺവാളിന്റെ ക്യാച്ച്.
സ്ലിപ്പിൽ നിന്ന് ഓടിവന്ന് ഒറ്റക്കൈ കൊണ്ട് പന്ത് പറന്നുപിടിച്ച് കോൺവാൾ ആരാധകരെ ഞെട്ടിക്കുകയായിരുന്നു. മത്സരത്തിന്റെ 14-ാം ഓവറിലായിരുന്നു കോൺവാളിന്റെ അത്ഭുത ക്യാച്ച്.
വാരിയേഴ്സിന്റെ അവസാന ബാറ്റ്സ്മാനായ ഇമ്രാൻ താഹിറിന്റെ ബാറ്റിൽ തട്ടിയുയർന്ന പന്ത് സ്ലിപ്പിൽ നിന്ന് ഓടിവന്ന് പറന്നുവീണ് കോൺവാൾ കൈയിലൊതുക്കുകയായിരുന്നു. താഹിർ പുറത്തായതോടെ വാരിയേഴ്സിന്റെ ഇന്നിങ്സ് 55 റൺസിൽ അവസാനിക്കുകയും ചെയ്തു. കരീബിയൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് ഇത്.
ബാറ്റിങ്ങിലും തിളങ്ങിയ കോൺവാൾ 17 പന്തിൽ 32 റൺസ് നേടി. റോസ്റ്റൺ ചേസിന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് സിക്സർ പറത്തിയാണ് കോൺവാൾ വിജയം അനായാസമാക്കിയത്. മത്സരം പത്ത് വിക്കറ്റിന് വിജയിച്ച് സെന്റ് ലൂസിയ സൗക്സ് ഫൈനലിലെത്തി.
Content Highlights: Rakheem Cornwalls one handed beauty in CPL semi final
Content Highlights: