'15 തവണ ശ്രമിച്ചു, ട്രാവിസ് ഒരു പന്തുപോലും തൊട്ടില്ല'-ലോകകപ്പ് നിര്‍ഭാഗ്യത്തെക്കുറിച്ച് ദ്രാവിഡ്

ന്യൂഡല്‍ഹി: 2023-ല്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഭാഗ്യം ഇന്ത്യയുടെ കൂടെയായിരുന്നില്ലെന്ന് അന്നത്തെ മുഖ്യ പരിശീലകനും മുന്‍താരവുമായ രാഹുല്‍ ദ്രാവിഡ്. ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ച ട്രാവിസ് ഹെഡിന്റെ വിക്കറ്റ് വീഴ്ത്താന്‍ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ദ്രാവിഡ് വ്യക്തമാക്കി. സീറ്റ് ക്രിക്കറ്റ് പുരസ്‌കാരച്ചടങ്ങിനിടെയാണ് പ്രതികരണം.
'ചിലപ്പോള്‍ ദിവസാവസാനം നിങ്ങള്‍ക്ക് കുറച്ച് ഭാഗ്യം വേണം... അതെന്തായാലും ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞങ്ങള്‍ ട്രാവിസ് ഹെഡിനെ 15 തവണ വീഴ്ത്താന്‍ ശ്രമിച്ചു. പക്ഷേ, ഒരു പന്ത് പോലും അദ്ദേഹം തൊട്ടില്ല. കാര്യങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ വഴിക്ക് പോവും. പക്ഷേ, നിങ്ങള്‍ പ്രക്രിയയില്‍ ഉറച്ചുനില്‍ക്കണം'- ദ്രാവിഡ് പറഞ്ഞു.
ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ, 240 റണ്‍സ് നേടി. കെ.എല്‍. രാഹുല്‍ (66), വിരാട് കോലി (54), രോഹിത് ശര്‍മ (37) എന്നിവരുടെ മികവിലാണ് ഇന്ത്യ 240 റണ്‍സ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ട്രാവിസ് ഹെഡിന്റെ സെഞ്ചുറി ബലത്തില്‍ വിജയിച്ചു. നാലാംവിക്കറ്റില്‍ മാര്‍നസ് ലബുഷങ്കെയുമായി 192 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ലബുഷങ്കെ 58 റണ്‍സ് നേടി പുറത്താവാതെ നിന്നു. സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകളും നേടിയിരുന്നു.
Content Highlights: rahul dravid about travis head odi world cup 2023