റബാദയുടെ ബൗണ്‍സര്‍, സോണ്ടോയുടെ വണ്ടര്‍ ക്യാച്ച്, ഇന്നിങ്‌സിലെ ആദ്യ പന്തില്‍ വാര്‍ണര്‍ പുറത്ത്

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം കാണികള്‍ക്ക് കാഴ്ച്ച വിരുന്നൊരുക്കി മനോഹരമായൊരു ക്യാച്ച്. ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ ആദ്യ പന്തിലാണ് ഈ വിക്കറ്റ് വന്നത്.
കാഗിസോ റബാദ എറിഞ്ഞ പന്തില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ അസാധ്യ ക്യാച്ചെടുത്ത് പുറത്താക്കിയത് ഖയാ സോണ്ടോയാണ്. റബാദയുടെ കുത്തിയുയര്‍ന്ന പന്തില്‍ മുഖം രക്ഷിക്കാന്‍ ബാറ്റ്‌കൊണ്ട് പ്രതിരോധിക്കുകയല്ലാതെ വാര്‍ണര്‍ക്ക് മറ്റ് വഴികളുണ്ടായിരുന്നില്ല. ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് ഷോര്‍ട് ലെഗ്ഗില്‍ സോണ്ടോ പിന്നോട്ടാഞ്ഞ് ഉയര്‍ന്നുചാടി ഒറ്റക്കൈ കൊണ്ട് കൈപ്പിടിയിലൊതുക്കി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ 152 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഓസീസ് പേസ് ബൗളര്‍മാരുടെ ആക്രമണത്തിനൊപ്പം നഥാന്‍ ലിയോണിന്റെ കറങ്ങുന്ന പന്തുകള്‍ കൂടിയായതോടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്‌നിര തകര്‍ന്നടിഞ്ഞു. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സ്പിന്നര്‍ നഥാന്‍ ലിയോണ്‍ എട്ട് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തതും മത്സരത്തില്‍ നിര്‍ണായകമായി.
94 പന്തില്‍ 64 റണ്‍സെടുത്ത കെയ്ല്‍ വെരീനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്‌കോറര്‍. ആകെ നാല് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.
മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 27 റണ്‍സെടുക്കുന്നതിനിടയില്‍ ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബൂഷെയ്ന്‍, ഉസ്മാന്‍ ഖ്വാജ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് നാലാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് 117 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 36 റണ്‍സെടുത്ത സ്മിത്തിനെ പുറത്താക്കി നോര്‍ദേ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ഒരു റണ്ണെടുത്ത സ്‌കോട്ട് ബോളണ്ടും പുറത്തായി. 77 പന്തില്‍ 78 റണ്‍സോടെ ട്രാവിസ് ഹെഡ് ക്രീസിലുണ്ട്. 13 ഫോറും ഒരു സിക്‌സും ഇതുവരെ ട്രാവിസ് അടിച്ചെടുത്തു. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ.
Content Highlights: rabada removes warner off the first ball of the innings zondos wonder catch