വീണ്ടും ഇരട്ട സെഞ്ചുറി, 22 വയസ്സിനിടെ 3 എണ്ണം; പുതിയ താരോദമായി R സ്മരൺ, സീസണില്‍ കേരളത്തിനെതിരെ നേടിയത് 220

സ്മരൺ രവിചന്ദ്രൻ | ഫോട്ടോ - x.com/Saabir_Saabu01
സ്മരൺ രവിചന്ദ്രൻ | ഫോട്ടോ - x.com/Saabir_Saabu01

ബെംഗളൂരു: രഞ്ജി ട്രോഫിയില്‍ വീണ്ടും ഇരട്ട സെഞ്ചുറി കുറിച്ച് കര്‍ണാടകയുടെ യുവ സൂപ്പര്‍ താരം സ്മരണ്‍ രവിചന്ദ്രന്‍. ചണ്ഡിഗഢിനെതിരേ 362 പന്തുകളില്‍ പുറത്താവാതെ 227 റണ്‍സാണ് നേടിയത്. 16 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1,000 റണ്‍സ് പിന്നിടുന്ന താരമായി മാറി. സീസണില്‍ നേരത്തേ തിരുവനന്തപുരത്ത് കേരളത്തിനെതിരേയും പുറത്താവാതെ ഇരട്ടശതകം (220 റണ്‍സ്) കുറിച്ചിരുന്നു. കഴിഞ്ഞവര്‍ഷം രഞ്ജിയില്‍ പഞ്ചാബിനെതിരേയും ഇരട്ടസെഞ്ചുറി നേടിയിരുന്നു.

22 വയസ്സുകാരനായ താരത്തിന്റെ പേരില്‍ നിലവില്‍ത്തന്നെ മൂന്ന് ഇരട്ട സെഞ്ചുറികളും ഒരു സെഞ്ചുറിയും ഒട്ടേറെ അര്‍ധ സെഞ്ചുറികളുമുണ്ട്. തന്റെ 13-ാം ഫസ്റ്റ്ക്ലാസ് മത്സരത്തിലാണ് 1000 റണ്‍സ് പിന്നിട്ടത്. കരിയറിന്റെ തുടക്കത്തിലെ ഈ മിന്നുന്ന പ്രകടനം സ്മരണിന് ദുലീപ് ട്രോഫി ദക്ഷിണ മേഖല ടീമിൽ അവസരം നല്‍കി. അന്ന് മധ്യമേഖലയ്‌ക്കെതിരെ അര്‍ധ സെഞ്ചുറി നേടിയിരുന്നു. വിജയ് ഹസാരെ 2024-25 സീസണ്‍ ഫൈനലില്‍ കര്‍ണാടകയ്ക്കുവേണ്ടി മാച്ച് വിന്നിങ് സെഞ്ചുറിയും (101 റണ്‍സ്) നേടി.

കര്‍ണാടക സ്വദേശിയായ ഈ ഇടംകൈയന്‍ ബാറ്ററെ, ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന യുവ ബാറ്റര്‍മാരില്‍ ഒരാളായാണ് കണക്കാക്കുന്നത്. ഐപിഎലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് സ്മരണ്‍. ആകസ്മികമായാണ് ടീമിലെത്തിയതെങ്കിലും പരിക്ക് വില്ലനായി. 2025 സീസണില്‍ ഓസീസ് സ്പിന്നര്‍ ആദം സാംപയ്ക്ക് പകരക്കാരനായി 30 ലക്ഷം രൂപയ്ക്കാണ് എസ്ആര്‍എച്ച് സ്മരണിനെ ടീമിലെടുത്തത്. പക്ഷേ, പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍നിന്ന് പുറത്തുപോവേണ്ടിവന്നു. സ്മരണിന് പരിക്കേറ്റതോടെ പകരം ഹര്‍ഷ് ദുബെയെ ടീമിലെത്തിക്കുകയായിരുന്നു. എങ്കിലും 2026 സീസണില്‍ ഹൈദരാബാദ് നിലനിര്‍ത്തിയ താരങ്ങളില്‍ സ്മരണുണ്ട്.

Content Highlights: R. Smaran Hits Second Double Century of Season in Ranji Trophy Brilliance