25വര്‍ഷംമുമ്പ് ആരെങ്കിലും ഇങ്ങനെപറഞ്ഞിരുന്നെങ്കില്‍ അറ്റാക്ക് വന്നേനെ;കോള്‍ലോഗ് പങ്കുവെച്ച് അശ്വിന്‍

മത്സരത്തിനിടെ അശ്വിനും കോലിയും/ അശ്വിന്‍ | Photo: x/ PTI
മത്സരത്തിനിടെ അശ്വിനും കോലിയും/ അശ്വിന്‍ | Photo: x/ PTI

ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന് പിന്നാലെ അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ സ്പിന്‍ ബൗളര്‍ ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റിനിടെ മഴമൂലം കളി തടസപ്പെട്ട സമയത്ത് വിരാട് കോലിയുമായി അശ്വിന്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. കരച്ചിലിന്റെ വക്കിലെത്തിയ അശ്വിനെ കോലി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ഇതിന് പിന്നാലെ താരം വിരമിക്കുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ടെസ്റ്റ് സമനില ആയതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുകയാണെന്ന് അശ്വിന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ അശ്വിന്‍ എക്‌സില്‍ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായുകയാണ്. വിരമിക്കല്‍ പ്രഖ്യാപനത്തിനുശേഷം നന്ദിയും ആശംസയും അറിയിച്ച് തന്നെ വിളിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ കോള്‍ ലോഗിന്റെ സ്‌ക്രീന്‍ ഷോട്ടാണ് അശ്വിന്‍ പോസ്റ്റ് ചെയ്തത്.

തന്റെ കൈയില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടാകുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം എന്ന നിലയില്‍ തന്റെ കരിയറിന്റെ അവസാന ദിവസത്തെ കോള്‍ ലോഗ് ഇങ്ങനെയായിരിക്കുമെന്നും 25 വര്‍ഷം മുമ്പ് ആരെങ്കിലും തന്നോട് പറഞ്ഞിരുന്നെങ്കില്‍ തനിക്ക് ഹൃദയാഘാതം ഉണ്ടാകുമായിരുന്നുവെന്നുമാണ് അശ്വിന്‍ കുറിച്ചത്. വളരെയധികം സന്തോഷം നിറഞ്ഞ നിമിഷമാണ് ഇതെന്നും ഇന്ത്യന്‍ ടീമിനായി കളിച്ചതിലൂടെ തന്നെ അടയാളപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അശ്വിന്‍ കുറിച്ചു. 

സച്ചിന്‍ തെണ്ടുല്‍ക്കര്‍, കപില്‍ ദേവ് തുടങ്ങിയ താരങ്ങള്‍ തന്നെ വിളിച്ചതില്‍ അശ്വിന്‍ നന്ദിയും അറിയിച്ചു. ഇതിനൊപ്പം കോള്‍ ലിസ്റ്റില്‍ ചീന എന്ന പേരില്‍ സേവ് ചെയ്തിരിക്കുന്ന നമ്പറും കാണാം. ആരാണ് ഈ ചീന എന്നും ആരാധകര്‍ പോസ്റ്റിന് താഴെ ചോദിച്ചിട്ടുണ്ട്. 

അനില്‍ കുംബ്ലെയ്ക്കുശേഷം ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമാണ് അശ്വിന്‍. 106 ടെസ്റ്റുകള്‍ കളിച്ച അശ്വിന്‍ 537 വിക്കറ്റുകളാണ് വീഴ്ത്തിയത്. 37 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 59 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ നേടിയതാണ് ഏറ്റവും മികച്ച പ്രകടനം.
 

Content Highlights: r ashwin shares call log list after retirement