സെഞ്ച്വറിയടിച്ച്‌ പുറത്തായതിനു പിന്നാലെ പരിഹാസം; മുന്‍ ടീം അംഗങ്ങളെ ബാറ്റുകൊണ്ട് അടിക്കാനോങ്ങി പൃഥ്വി ഷാ

Photo: x.com/lightningspeedk/
Photo: x.com/lightningspeedk/

മുംബൈ: ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ സെഞ്ചുറി നേടിയെങ്കിലും മുന്‍ ടീം അംഗങ്ങളുമായി നേരിട്ട് ഏറ്റുമുട്ടി ഇന്ത്യന്‍ താരം പൃഥ്വി ഷാ വീണ്ടും വിവാദത്തില്‍. രഞ്ജി ട്രോഫി സീസണിനു മുന്നോടിയായി നടന്ന മുംബൈ - മഹാരാഷ്ട്ര സന്നാഹ മത്സരത്തിനിടെയായിരുന്നു സംഭവം. കരിയറിന്റെ തുടക്കം മുതല്‍ കളിച്ചിരുന്ന മുംബൈ വിട്ട് ഷാ ഇത്തവണ മഹാരാഷ്ട്രയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. മോശം ഫോമും അച്ചടക്കമില്ലായ്മയും കാരണം മുംബൈ ടീം താരത്തെ കഴിഞ്ഞ സീസണില്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. പിന്നാലെ ഷാ ടീം വിടുകയും ചെയ്തു.

സന്നാഹ മത്സരത്തില്‍ മുംബൈക്കെതിരേ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഷാ പുറത്തെടുത്തത്. 220 പന്തില്‍ 181 റണ്‍സെടുത്ത ഷാ ഒടുവില്‍ ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്റെ സഹോദരന്‍ മുഷീര്‍ ഖാന്റെ പന്തിലാണ് പുറത്താകുന്നത്. പുറത്തായതിനു പിന്നാലെ മുഷീറിന്റെ ആഘോഷവും മുംബൈ താരങ്ങളുടെ പരിഹാസവും ഷായെ പ്രകോപിപ്പിക്കുകയായിരുന്നു. വലിയ വാക്കേറ്റവും കയ്യാങ്കളിയുമാണ് പിന്നീട് അരങ്ങേറിയത്. മുന്‍ ടീം അംഗങ്ങളെ ബാറ്റുവീശി അടിക്കാനൊരുങ്ങിയ ഷായെ, സഹ ബാറ്ററാണ് തടഞ്ഞത്. മുഷീറിന്റെ കോളറില്‍ ഷാ പിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. അമ്പയര്‍മാര്‍ ഇടപെട്ട് ഏറെ പണിപ്പെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മത്സരത്തില്‍ മഹാരാഷ്ട്രയുടെ അര്‍ഷിന്‍ കുല്‍ക്കര്‍ണിയുമായി 305 റണ്‍സിന്റെ കൂട്ടുകെട്ടും ഷാ പടുത്തുയര്‍ത്തിയിരുന്നു. തന്നെ പുറത്താക്കിയ ടീമിനെതിരേ ഇരട്ട സെഞ്ചുറിയിലേക്ക് കുതിക്കുമ്പോഴാണ് താരം പുറത്താകുന്നത്. മോശം ഫോം കാരണം ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ ഷാ കളത്തിനകത്തും പുറത്തും മോശം പെരുമാറ്റം കാരണം കുപ്രസിദ്ധനാണ്. ഒരു തിരിച്ചിവരവിന് ശ്രമിക്കവെ മികച്ച ബാറ്റിങ് പുറത്തെടുത്ത ശേഷമാണ് താരം ഇപ്പോള്‍ വീണ്ടും വിവാദത്തിലായിരിക്കുന്നത്.

Content Highlights: Indian cricketer Prithvi Shaw involved in a heated altercation, attempting to assault former teammates with his bat after being dismissed in a practice match following a century