'വിക്കറ്റുകള്‍ കൂടുതലും ഗൂഗ്ലിയിലൂടെയാണെന്ന് കുറ്റം; സച്ചിന്റെ സെഞ്ചുറിയെക്കുറിച്ച് ഞാന്‍ തിരിച്ചുചോദിച്ചു'

ന്യൂഡൽഹി: ഇന്ത്യൻ ജഴ്സിയിൽ പിയൂഷ് ചൗളയെന്ന സ്പിൻ ബൗളറുടെ കരിയറിന് ആയുസ് കുറവായിരുന്നു. 17-ാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ ചൗള 2007-ലെ ട്വന്റി-20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടിയപ്പോൾ ടീമംഗമായിരുന്നു. ടീമിൽ നിന്ന് പുറത്തായതുമായി ബന്ധപ്പെട്ട് ഒരു സെലക്ടർ തന്നിൽ കണ്ടെത്തിയ കുറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് ചൗള. അതു വളരെ വിചിത്രമായിരുന്നെന്നും ചൗള പറയുന്നു. ആകാശ് ചോപ്രയുടെ യുട്യൂബ് ചാറ്റ് ഷോ ആയ ആകാശ് വാണിയിലായിരുന്നു വലങ്കയ്യൻ ലെഗ് സ്പിന്നറുടെ വെളിപ്പെടുത്തൽ.
തന്റെ വിക്കറ്റുകൾ കൂടുതലും ഗൂഗ്ലിയിലൂടെ മാത്രമാണെന്നായിരുന്നു ആ സെലക്ടർ കണ്ടെത്തിയ കുറ്റം. അതിന് അപ്പോൾ തന്നെ ചൗള മറുപടിയും നൽകി. സച്ചിൻ തെണ്ടുൽക്കർ 100 റൺസ് നേടുമ്പോൾ അതിൽ 60 റൺസും സ്ട്രെയ്റ്റ് ഡ്രൈവിലൂടെ നേടിയാൽ ആ സെഞ്ചുറിക്ക് വിലയുണ്ടാകില്ലേ എന്ന് ഞാൻ തിരിച്ചുചോദിച്ചു. ആ ചോദ്യം സെലക്ടർക്ക് ഇഷ്ടമായില്ല. ചൗള വ്യക്തമാക്കുന്നു.
2006-ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ ചൗള രാജ്യാന്തര ക്രിക്കറ്റിൽ മൂന്നു ടെസ്റ്റും 25 ഏകദിനങ്ങളും ഏഴ് ട്വന്റ-20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ ഏഴു വിക്കറ്റും ഏകദിനത്തിൽ 32 വിക്കറ്റും ട്വന്റി-20യിൽ നാല് വിക്കറ്റും നേടി. 31-കാരനായ ചൗള 2012-ലാണ് അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. ഇപ്പോഴും ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സജീവമാണ്. ഈ വർഷത്തെ ഐ.പി.എൽ താരലേലത്തിൽ ചൗളയെ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെടുക്കുകയും ചെയ്തു.
അരങ്ങേറ്റത്തിനുശേഷം നടന്ന ആദ്യ രണ്ടു ടെസ്റ്റ് പരമ്പരയിലും എനിക്ക് തിളങ്ങാനായില്ല എന്നത് ശരിതന്നെ. എന്നാൽ 2012-ൽ ഇംഗ്ലണ്ടിനെതിരേ ഞാൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നിട്ടും എന്നെ തഴഞ്ഞത് വിഷമിപ്പിച്ചു. പിന്നീട് ഞാൻ അതിനെ കുറിച്ച് കൂടുതൽ ആലോചിച്ചില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ എനിക്ക് ക്രിക്കറ്റ് തുടർന്നും ആസ്വദിക്കാൻ കഴിയില്ലായിരുന്നു. പിയൂഷ ചൗള വ്യക്തമാക്കുന്നു.
രണ്ടു ലോകകപ്പുകളുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിലും ആ ടൂർണമെന്റുകളിൽ കൂടുതൽ അവസരം ലഭിച്ചിരുന്നില്ല. പ്രത്യേകിച്ചും ഹർഭജൻ സിങ്ങിനെപ്പോലുള്ള ബൗളർമാർ ടീമിലുള്ളതിനാലായിരുന്നു ഇത്. പക്ഷേ ഏതെങ്കിലും കളിക്കാരൻ എന്റെ അവസരം കവർന്നു എന്നു ഞാൻ കരുതുന്നില്ല. ചെറിയ പ്രായത്തിൽ തന്നെ ടീമിലെത്തിയത് ചിലപ്പോൾ എനിക്ക് തിരിച്ചടിയായിട്ടുണ്ടാകും. പിയൂഷ് ചൗള കൂട്ടിച്ചേർത്തു.
Content Highlights: