ഇമ്രാന്റെ മക്കളുടെ അഭിമുഖം പുറത്തിറക്കിയാൽ കളിക്കില്ലെന്ന് പാക് ടീം; വഴങ്ങാതെ ബ്രോഡ്കാസ്റ്റർ,നാടകീയത

#സ്പോർട്സ് ഡെസ്ക്
ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖത്തിൽ നിന്ന് | skysports
ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖത്തിൽ നിന്ന് | skysports

ലോർഡ്‌സ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാക് ക്രിക്കറ്റ് ടീം മുൻ നായകനുമായ ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖത്തെ ചൊല്ലി വിവാദം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ബ്രോഡ്കാസ്റ്ററായ സ്‌കൈ സ്‌പോർട്‌സ് അഭിമുഖം പുറത്തിറക്കിയത് പാക് ബോർഡ് ചോദ്യം ചെയ്തതോടെ നാടകീയ സംഭവങ്ങൾക്കാണ് ലോർഡ്‌സ് സാക്ഷ്യം വഹിച്ചത്.

അഭിമുഖം പുറത്തിറക്കിയാൽ മത്സരം ബഹിഷ്‌കരിക്കുമെന്ന് പിസിബി ഭീഷണി മുഴക്കിയതായാണ് റിപ്പോർട്ട്. എന്നാൽ ഇതിൽനിന്ന് പിൻമാറാൻ സ്‌കൈ സ്‌പോർട്‌സ് തയ്യാറായില്ല.

ലോർഡ്‌സ് ടെസ്റ്റിൽ ടീമുകൾ ഉച്ചഭക്ഷണത്തിനായി പിരിയുന്ന വേളയിൽ അഭിമുഖം പുറത്തിറക്കുന്നതാണ് പാക് ബോർഡ് എതിർത്തത്. ഇമ്രാൻ ഖാന്റെ മക്കളെ മുൻ ഇംഗ്ലണ്ട് താരം മൈക്കൽ അതേർട്ടണാണ് അഭിമുഖം ചെയ്തത്. അഭിമുഖം പുറത്തിറക്കരുതെന്ന കർശന നിലപാടുമായി പാകിസ്താൻ രംഗത്തെത്തി. അഭിമുഖം പുറത്തിറക്കിയാൽ മത്സരം ബഹിഷ്‌കരിക്കുമെന്നും പിസിബി അറിയിച്ചു. താരങ്ങളോട് മൈതാനത്ത് ഇറങ്ങേണ്ടതില്ലെന്ന നിലപാട് ബോർഡ് അറിയിച്ചതായാണ് വിവരം. അതേസമയം വിഷയത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇടപെടുകയും മത്സരം പുനരാരംഭിക്കുകയും ചെയ്തു.

ടെസ്റ്റ് മത്സരം പുരോഗമിക്കുന്നതിനിടെ തന്നെ ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖം പുറത്തിറക്കിയതാണ് പിസിബിയുടെ അതൃപ്തിക്ക് കാരണമെന്നാണ് വിവരം. ടിവിയിൽ അഭിമുഖം കാണിച്ചാൽ പാക് ടീം ഉച്ചഭക്ഷണത്തിന് ശേഷം മൈതാനത്തിറങ്ങില്ലെന്ന തീരുമാനത്തിലായിരുന്നു. എന്നാൽ സ്‌കൈ സ്‌പോർട്‌സ് ഈ ഭീഷണിക്ക് വഴങ്ങിയില്ല. ഷെഡ്യൂൾ പ്രകാരം സ്‌കൈ സ്‌പോർട്‌സ് അഭിമുഖം പുറത്തുവിട്ടു. കടുത്ത അതൃപ്തിയിലായിരുന്നെങ്കിലും ഇംഗ്ലീഷ് ബോർഡ് കൂടി ഇടപെട്ടതോടെ പാകിസ്താൻ അയയുകയായിരുന്നു.

അടുത്തിടെ ഇമ്രാൻ ഖാനുവേണ്ടി മുൻ ക്രിക്കറ്റ് ക്യാപ്റ്റന്മാർ രംഗത്തെത്തിയിരുന്നു. മുൻ ഇന്ത്യൻ നായകരായ കപിൽ ദേവും സുനിൽ ഗാവസ്‌ക്കറും അടക്കം ഇരുപത്തിയൊന്ന് ക്യാപ്റ്റന്മാരാണ് ഇമ്രാന് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നും ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് നിവേദനം നൽകിയത്. ആറ് മാസം മുൻപ് പതിനാല് മുൻ നായകർ ഇതേ ആവശ്യം ഉന്നയിച്ച് ഷെരീഫിന് കത്തെഴുതിയിരുന്നു. ഇതിലും നടപടിയൊന്നുമുണ്ടാകാത്തതിനെ തുടർന്നാണ് കൂടുതൽ മുൻ ക്യാപ്റ്റന്മാർ രംഗത്തുവന്നത്. രാഷ്ട്രീയക്കാർ എന്ന നിലയിലല്ല, ഒന്നിച്ച് കളിച്ചവർ എന്ന നിലയ്ക്കാണ് തങ്ങൾ ഈ അപേക്ഷ നടത്തുന്നതെന്നും ക്യാപ്റ്റന്മാർ പറഞ്ഞു.

സുപ്രീം കോടതി നിർദേശിച്ചത് അനുസരിച്ച് ഇമ്രാൻ ഖാന്റെ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് സമഗ്രമായ പരിശോധന നടത്തണം. മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ എന്തുതന്നെയായാലും വൈകാതെ തന്നെ വൈദ്യസഹായം ലഭ്യമാക്കണം, ആഴ്ചയിൽ കുടുംബാംഗങ്ങൾക്ക് സന്ദർശിക്കാൻ നൽകിയ അനുമതി പുന:സ്ഥാപിക്കണം എന്നിവയായിരുന്നു ആവശ്യങ്ങൾ.

Content Highlights: PCB reportedly asked Sky Sports not to air an interview with Imran Khan's sons on Day 1 of the Lord's Test., Pakistan threatened a walkout if the broadcaster went ahead with the scheduled interview