പാക് താരത്തിന് രണ്ട് വർഷം വിലക്കും ഒരു മില്ല്യൺ പിഴയും; നടപടിയുമായി പിസിബി

കറാച്ചി: ഓൾറൗണ്ടർ ഹംസ നാസറിനെ ക്രിക്കറ്റിൽ നിന്ന് വിലക്കി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. വിസയ്ക്കായുള്ള അപേക്ഷയിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വിവരങ്ങൾ നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രണ്ട് വർഷം വിലക്കിന് പുറമേ ഒരു മില്ല്യൺ പാകിസ്താനി രൂപ പിഴയായും ചുമത്തി.
പാക് ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം കാഴ്ചവെച്ച താരമാണ് ഹംസ. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിലെടുത്തേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ താരത്തിന് പുറത്തേക്കുള്ള വഴി തുറന്നു. അതിന് പിന്നാലെയാണ് പിസിബിയുടെ നടപടി. കൂടുതൽ അന്വേഷണത്തിൽ പ്രധാന രേഖകൾ നൽകിയില്ലെന്നും സമർപ്പിച്ചതിൽ പലതും അപൂർണമായിരുന്നുവെന്നും കണ്ടെത്തി.
വിഷയം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഹംസയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാൻ അവസരവും നൽകി. അതിന് ശേഷം തെളിവുകളെല്ലാം പരിശോധിച്ച ശേഷം റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് സമിതിയുടെ റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് വിലക്കുൾപ്പെടെയുള്ള നടപടികളിലേക്ക് പിസിബി കടന്നത്. ഇത് പ്രകാരം രണ്ട് വർഷം താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിലോ ആഭ്യന്തര ക്രിക്കറ്റിലോ കളിക്കാനാകില്ല.
ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്ന് പിസിബി അറിയിച്ചു. ഇത് വളരെ ഗൗരവതരമായ വിഷയമാണെന്നും പാകിസ്താൻ ക്രിക്കറ്റിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും ബോർഡ് വ്യക്തമാക്കി.
Content Highlights: Hamza Nasir banned for 2 years by the Pakistan Cricket Board (PCB)., Reason for ban: Providing misleading and incomplete information for a visa application