ഭാര്യയുമായുള്ള ആ തർക്കത്തിനു കാരണം ഉസ്മാൻ ഖവാജ; വൈറൽ വീഡിയോയിൽ പ്രതികരിച്ച് കമ്മിൻസ്

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
പാറ്റ് കമ്മിന്‍സും ഭാര്യ ബെക്കിയും
പാറ്റ് കമ്മിന്‍സും ഭാര്യ ബെക്കിയും

സിഡ്‌നി: പന്തുചുരണ്ടൽ വിവാദം കത്തിനിൽക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ഭാര്യ ബെക്കിയും തമ്മിൽ തെരുവിൽ തർക്കത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇത് വലിയ തോതിൽ ചർച്ചയാകുകയും ചെയ്തു. പിന്നാലെ സംഭവത്തിന്റെ യഥാർഥ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കമ്മിൻസ്.

നിങ്ങൾ കണ്ടത് ദമ്പതികൾ തമ്മിലുള്ള വഴക്കല്ലെന്നും, 2018-ലെ പന്തുചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് മുൻ സഹതാരം ഉസ്മാൻ ഖവാജ നടത്തിയ പുതിയ വെളിപ്പെടുത്തലുകളിൽ ബെക്കി അതീവ അസ്വസ്ഥയും ദേഷ്യത്തിലുമായിരുന്നുവെന്നും കമ്മിൻസ് വ്യക്തമാക്കി.

ഖവാജയുടെ ആത്മകഥയിലാണ് 2018-ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ നടന്ന പന്ത് ചുരണ്ടൽ സംഭവത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ ഉള്ളത്. സിഡ്‌നിയിലെ ക്രിക്കറ്റ് സെൻട്രലിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഖവാജയുടെ ആരോപണങ്ങളെ കമ്മിൻസ് ശക്തമായി തള്ളിക്കളഞ്ഞത്.

പത്ര സമ്മേളനത്തിന് തൊട്ടുമുമ്പാണ് കമ്മിൻസും ഭാര്യ ബെക്കിയും സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. സ്വന്തം സ്വകാര്യ ജീവിതം പരസ്യമാക്കപ്പെടുന്നത് അൽപം വിചിത്രമാണെന്ന് പറഞ്ഞ കമ്മിൻസ്, തങ്ങൾ വഴക്കിടുകയായിരുന്നില്ലെന്നും ഖവാജയുടെ പ്രസ്താവനകളിൽ ബെക്കി വല്ലാതെ ദേഷ്യത്തിലായിരുന്നുവെന്നും വിശദീകരിച്ചു.

2018-ലെ കേപ് ടൗൺ ടെസ്റ്റിൽ കാമറൂൺ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാണിച്ച സംഭവത്തിൽ, ഡ്രസ്സിങ് റൂമിലെ മറ്റു കളിക്കാർക്കും പരിശീലകർക്കും അറിവുണ്ടായിരുന്നു എന്നാണ് ഖവാജ ആരോപിച്ചത്. മുൻപത്തെ പോർട്ട് എലിസബത്ത് ടെസ്റ്റിൽ തന്നെ ഇത് ആരംഭിച്ചിരുന്നുവെന്നും, പര്യടന സംഘത്തിൽ ഉണ്ടായിരുന്നിട്ടും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണ സംഘം തന്നോട് വിവരങ്ങൾ ചോദിച്ചറിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കേർപ്പെടുത്തുന്നതിലേക്ക് നയിച്ച സംഭവങ്ങളാണ് ഖവാജ പുസ്തകത്തിൽ വിവരിക്കുന്നത്.

Content Highlights: Pat Cummins clarifies that the viral video of him and his wife on the street was not a marital dispute., The argument was actually caused by Becky's anger over Usman Khawaja's new revelations in his autobiography., Khawaja claimed that other players and coaches knew about the 2018 Cape Town ball-tampering incident., Cummins strongly dismissed Khawaja's allegations during a press conference at Cricket Central in Sydney.