ലോകകപ്പ് ബഹിഷ്‌കരിച്ചാൽ കടുത്ത വിലക്കുകൾ നേരിടേണ്ടിവരും; പാകിസ്താന് ഐസിസിയുടെ അന്ത്യശാസനം

#സ്പോർട്സ് ഡെസ്ക്
മൊഹ്‌സിന്‍ നഖ്‌വി, ജയ് ഷാ | Photo: ANI
മൊഹ്‌സിന്‍ നഖ്‌വി, ജയ് ഷാ | Photo: ANI

ദുബായ്: ടി20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐസിസി) പാകിസ്താൻ ക്രിക്കറ്റ് ബോർഡും (പിസിബി) തമ്മിലുള്ള ബന്ധം തകർച്ചയുടെ ഘട്ടത്തിലാണ്. പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുടെ പ്രകോപനപരമായ പരാമർശങ്ങളും ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ബഹിഷ്‌കരണ ഭീഷണികളുമാണ് ഐസിസിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ലോകകപ്പിൽ നിന്ന് പിന്മാറാനാണ് തീരുമാനമെങ്കിൽ കടുത്ത നടപടിപടികൾ നേരിടേണ്ടിവരുമെന്നാണ് പിസിബിക്ക് ഐസിസിയുടെ അന്ത്യശാസനം. അന്താരാഷ്ട്ര ക്രിക്കറ്റിൽ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

ലോകകപ്പിൽ നിന്ന് പിന്മാറിയ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനവുമായി ഐക്യപ്പെട്ടതുൾപ്പെടെയുള്ള നഖ്‌വിയുടെ സമീപനത്തിൽ ഐസിസി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഐസിസിയുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിക്കുകയും പാകിസ്താനും ടൂർണമെന്റിൽ നിന്ന് പിന്മാറിയേക്കുമെന്നുള്ള ഭീഷണികളുമെല്ലാം ഐസിസി ഭരണസമിതിയെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ പാകിസ്താനെ ക്രിക്കറ്റിൽ നിന്ന് പൂർണമായും ഒറ്റപ്പെടുത്തുന്ന തരത്തിലേക്കുള്ള ഉപരോധങ്ങൾ ഐസിസി ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. മറ്റ് അംഗ രാജ്യങ്ങളുമായുള്ള പരമ്പരകൾക്ക് അനുമതി നൽകാതിരിക്കുക, അംഗ രാജ്യങ്ങളിൽനിന്നുള്ള കളിക്കാർക്ക് പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കുന്നതിനുള്ള എൻഒസി നൽകാതിരിക്കുക, ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളിൽ നിന്നുള്ള വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം ഉപരോധങ്ങൾ നടപ്പിൽ വന്നാൽ അത് പിസിബിയുടെ വരുമാനത്തെ സാരമായി ബാധിക്കും. മാത്രമല്ല പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റിന്റെ വാണിജ്യ മൂല്യം ഇല്ലാതാകും. പാക് ടീമിന് ഇതോടെ പ്രധാന ഐസിസി ഇവന്റുകൾക്ക് പുറത്ത് അന്താരാഷ്ട്ര മത്സരങ്ങളൊന്നും ഇല്ലാതെയാക്കും.

നേരത്തേ ടൂർണമെന്റിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ പാകിസ്താൻ സർക്കാരുമായി ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നായിരുന്നു പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞത്. ബംഗ്ലാദേശിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഐസിസി സ്വീകരിക്കുന്ന നിലപാടുകളെ നഖ്‌വി ശക്തമായി വിമർശിച്ചിരുന്നു. ഐസിസി കാണിച്ചത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച അദ്ദേഹം രാജ്യത്തിന്റെ താത്പര്യങ്ങൾ പരിഗണിച്ചായിരിക്കും മുന്നോട്ട് പോവുകയെന്നും വ്യക്തമാക്കി. സർക്കാരിന്റെ നിർദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ ലോകകപ്പിൽ കളിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Content Highlights: ICC warns Pakistan of severe sanctions if they boycott the T20 World Cup. PCB Chairman`s controversial remarks spark major conflict. Discover the potential consequences.