ഓസീസിന് 96, പാകിസ്താന് വെറും 5 പോയന്റ്; WTC പോയന്റ് പട്ടികയിൽ ഇന്ത്യ അഞ്ചാമത്

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് വൻ തിരിച്ചടിയാണ് പാകിസ്താൻ നേരിട്ടത്. മാച്ച് ഫീയുടെ 50% ഐസിസി പിഴ ചുമത്തുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് 11 പോയന്റുകൾ കുറയ്ക്കുകയും ചെയ്തു. അതോടെ പോയന്റ് പട്ടികയിൽ പാകിസ്താൻ കൂപ്പുകുത്തി. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റിലും പാകിസ്താൻ പരാജയപ്പെട്ടിരുന്നു.
നിലവിൽ അവസാന സ്ഥാനത്താണ് പാകിസ്താൻ. ഒൻപത് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഏഴ് തോൽവിയുമാണ് പാകിസ്താനുള്ളത്. 11 പോയന്റ് കുറച്ചതോടെ നിലവിൽ അഞ്ച് പോയന്റ് മാത്രമാണ് ടീമിനുള്ളത്. പോയന്റ് ശതമാനമാകട്ടെ വെറും 4.63 ആണ്. മറ്റ് ടീമുകളുമായി താരതമ്യം ചെയ്യുമ്പോൾ ദയനീയമാണ് ടീമിന്റെ സ്ഥിതി.
പാകിസ്താനേക്കാൾ തൊട്ടുമുന്നിൽ എട്ടാമതുള്ള വെസ്റ്റിൻഡീസിന് 30 പോയന്റുണ്ട്. 20.83 ആണ് പോയന്റ് ശതമാനം. ശ്രീലങ്ക ഏഴാമതും(33.33 പോയന്റ് ശതമാനം) ഇംഗ്ലണ്ട് ആറാമതുമാണ്(38.54 പോയന്റ് ശതമാനം). പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതാണ് ഇംഗ്ലണ്ടിന് നേട്ടമായത്. ഇന്ത്യയാണ് അഞ്ചാം സ്ഥാനത്ത്. 51.52 പോയന്റ് ശതമാനമുള്ള ഇന്ത്യക്ക് 68 പോയന്റുണ്ട്.
ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് ടീമുകളാണ് ആദ്യ നാലിൽ. ഓസ്‌ട്രേലിയ 10 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും രണ്ട് തോൽവിയുമായി തലപ്പത്ത് തുടരുന്നു. 96 പോയന്റും 80 പോയന്റ് ശതമാനവും ഓസീസിനുണ്ട്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയ്ക്കാകട്ടെ 36 പോയന്റും 75 പോയന്റ് ശതമാനവുമുണ്ട്. ന്യൂസിലൻഡ് 72.22 പോയന്റ് ശതമാനവുമായി മൂന്നാമതും ബംഗ്ലാദേശ് 55.56 പോയന്റ് ശതമാനവുമായി നാലാമതുമാണ്.
Content Highlights: ICC deducted 11 WTC points from Pakistan's tally., Pakistan dropped to the bottom of the World Test Championship points table