വേണ്ടത് പി.ആര്‍ ഏജന്‍സികളല്ല, മികച്ച പ്രകടനങ്ങള്‍; മറുപടിയുമായി മുന്‍ പാക് താരം

മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ പാക് താരങ്ങളുടെ പ്രകടനങ്ങളെ പ്രശംസിച്ച് മുന്‍ പാക് താരം മുഹമ്മദ് ഹഫീസ്. പാകിസ്താന്‍ ക്രിക്കറ്റിന് ഇതുപോലെയുള്ള പ്രകടനങ്ങളാണ് ആവശ്യമെന്നും പി.ആര്‍ ഏജന്‍സികളല്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഒന്നാം ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് പാക് ടീമിനെതിരേ ഉയര്‍ന്നത്.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 47 റണ്‍സിനുമാണ് പാകിസ്താന്‍ തോല്‍വി വഴങ്ങിയത്. പിന്നാലെ പ്രമുഖ താരങ്ങളെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവരെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തി. പകരം കമ്രാന്‍ ഗുലാം, സാജിദ് ഖാന്‍ നോമാന്‍ അലി എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. പുതുതായി ഉള്‍പ്പെടുത്തിയ ഈ താരങ്ങള്‍ മികച്ച പ്രകടനമാണ് രണ്ടാം ടെസ്റ്റില്‍ കാഴ്ചവെച്ചത്.
കമ്രാന്‍ ഗുലാമിന്റെ സെഞ്ചുറി, സല്‍മാന്‍ അഗയുടെ അര്‍ധസെഞ്ചുറി, സാജിദ് ഖാന്റെ ഒമ്പത് വിക്കറ്റ് നേട്ടം, നോമാന്‍ അലിയുടെ 11 വിക്കറ്റുകള്‍, ഇതുപോലെയുള്ള പ്രകടനങ്ങള്‍ ടീമിന്റെ ജയത്തിനായി പാകിസ്താന് ആവശ്യമാണ്. ഇത് പി.ആര്‍ ഏജന്‍സികളുടേതല്ല- ഹഫീസ് എക്‌സില്‍ കുറിച്ചു.
രണ്ടാം ടെസ്റ്റില്‍ 152 റണ്‍സിനാണ് പാകിസ്താന്റെ ജയം. 2021 ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് സ്വന്തം മണ്ണില്‍ ടീം ജയിക്കുന്നത്. ആദ്യ ടെസ്റ്റിലെ ഇന്നിങ്‌സ് തോല്‍വിക്ക് ശേഷമുള്ള ഉഗ്രന്‍ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. ടീമിലുള്‍പ്പെടുത്തിയ സാജിദ് ഖാന്‍, നോമാന്‍ അലി എന്നിവരാണ് മത്സരത്തിലെ ഇംഗ്ലണ്ടിന്റെ 20 വിക്കറ്റുകളും പിഴുതെടുത്തത്.
Content Highlights: Pakistan need impactful performances not PR says Mohammad Hafeez