ഗാംഗുലി ജേഴ്‌സിയൂരി വീശി ആഘോഷിച്ച ആ വിജയം; ഇന്ത്യയുടെ റെക്കോർഡിനൊപ്പമെത്തി പാകിസ്താൻ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ പാക് താരങ്ങള്‍/ ലോര്‍ഡ്‌സില്‍ ഗാംഗുലിയുടെ ആഘോഷം | Photo: AFP/ PTI
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ പാക് താരങ്ങള്‍/ ലോര്‍ഡ്‌സില്‍ ഗാംഗുലിയുടെ ആഘോഷം | Photo: AFP/ PTI

ലാഹോർ: ഏകദിന ക്രിക്കറ്റ് ഫൈനലിലെ റെക്കോർഡ് റൺചേസിനൊപ്പമെത്തി പാകിസ്താൻ. ത്രിരാഷ്ട്ര ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്ക ഉയർത്തിയ 325 റൺസ് പിന്തുടർന്ന് വിജയിച്ചതോടെയാണ് പാകിസ്താൻ മുമ്പ് ഇന്ത്യൻ ടീം സ്ഥാപിച്ച റെക്കോർഡിനൊപ്പമെത്തിയത്. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം 2002-ൽ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ നാറ്റ് വെസ്റ്റ് ത്രിരാഷ്ട്ര ടൂർണമെന്റ് ഫൈനലിൽ 326 റൺസ് ചെയ്‌സ് ചെയ്ത് വിജയിച്ചാണ് റെക്കോർഡിട്ടത്. 24 വർഷങ്ങൾക്കിപ്പുറമാണ് പാകിസ്താൻ ആ നേട്ടത്തിനൊപ്പമെത്തിയത്.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. പാകിസ്താൻ 48.3 ഓവറിൽ ഏഴ് വിക്കറ്റിന് 331 റൺസെടുത്താണ് വിജയം നേടിയത്. ശ്രീലങ്കയ്ക്കായി 131 റൺസോടെ കമിന്ദു മെൻഡിസ്, 77 റൺസുമായി പവൻ രത്‌നായകെ, 38 റൺസോടെ അവിഷ്‌ക ഫെർണാണ്ടോ എന്നിവർ തിളങ്ങി. മറുപടി ബാറ്റിങ്ങിൽ 127 റൺസുമായി ഫഖർ സമാൻ, 74 റൺസെടുത്ത് സാദ് ബെയ്ഗ്, 61 റൺസുമായി അറാഫത് മിൻഹാദ് എന്നിവർ പാകിസ്താന് വിജയമൊരുക്കി.

2002-ലെ ഇന്ത്യയുടെ വിജയം ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലവും ഓർമിക്കപ്പെടുന്ന ഒന്നായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ലോർഡ്‌സിൽ ബാൽക്കണിയിൽവെച്ച് ജെഴ്‌സിയൂരി വീശിയാണ് വിജയം ആഘോഷിച്ചത്. ഇത് വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.

Content Highlights: Pakistan chased down 325 runs against Sri Lanka in the Tri-Series final., Equaled India's historic 2002 NatWest series final run-chase record set under Sourav Ganguly., Fakhar Zaman scored 127 runs to lead Pakistan's successful chase., Kamindu Mendis scored 131 runs for Sri Lanka in the first innings.