കൈ കൊടുത്ത് താരങ്ങൾ, ഇംഗ്ലണ്ട് വിജയിച്ചെന്ന് ബ്രോഡ്കാസ്റ്റർ; എന്നാൽ ട്വിസ്റ്റിനൊടുവിൽ വിജയിച്ചത് പാകിസ്താൻ

ലാഹോർ: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ പാകിസ്താനും ഇംഗ്ലണ്ടും തമ്മിൽ നടന്ന മത്സരത്തിൽ ഡി.ആർ.എസുമായി ബന്ധപ്പെട്ട് വിവാദം. 96 പന്തിൽ നിന്ന് 113 റൺസെടുത്ത് പാകിസ്താനെ വിജയത്തിലേക്ക് നയിച്ച ശദാബ് ഖാന്റെ പുറത്താകലുമായി ബന്ധപ്പെട്ടാണ് ഡി.ആർ.എസ് ചർച്ചയായത്. പാകിസ്താന് വിജയിക്കാൻ 21 റൺസ് കൂടി വേണ്ടിയിരുന്നപ്പോഴാണ് മികച്ച ഫോമിലുണ്ടായിരുന്ന ശദാബ് ഖാൻ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങുന്നത്. മത്സരം അവസാനിച്ചുവെന്ന് കരുതി താരങ്ങൾ കൈ കൊടുത്തു. മൂന്നാം അമ്പയർ എൽബിഡബ്ല്യു പരിശോധിക്കുന്നതിന് മുമ്പ് തന്നെ ഇംഗ്ലണ്ട് 20 റൺസിന് വിജയിച്ചതായി ബ്രോഡ്കാസ്റ്റർമാർ ടിവിയിൽ കാണിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് ട്വിസ്റ്റുണ്ടാകുന്നത്.
ഗസ് അറ്റ്ക്സിന്റെ പന്തിൽ ഫീൽഡ് അമ്പയർ ഔട്ട് വിളിച്ചതോടെ ശദാബും താൻ പുറത്തായി എന്ന് തന്നെയാണ് കരുതിയത്. ദേഷ്യത്തിൽ തന്റെ ബാറ്റ് ഗ്രൗണ്ടിൽ അടിക്കുകയും ഇംഗ്ലീഷ് താരങ്ങൾക്ക് കൈ കൊടുക്കാൻ തുടങ്ങുകയും ചെയ്തു. ഇതിന് തൊട്ടുമുമ്പ് ശദാബ് ഡി.ആർ.എസ് ആവശ്യപ്പെട്ടിരുന്നു. പാകിസ്താന് ഒരു റിവ്യൂ ബാക്കിയുള്ളതിനാൽ തനിക്ക് വലിയ പ്രതീക്ഷ ഇല്ലെങ്കിലും ശദാബ് റിവ്യൂ ആവശ്യപ്പെടുകയായിരുന്നു.
അൾട്രാ എഡ്ജ് പരിശോധിച്ചപ്പോൾ പന്ത് ശദാബിന്റെ ബാറ്റിൽ ചെറുതായി ഉരസിയതായി തെളിഞ്ഞു. ഇതോടെ ശദാബിന് ജീവൻ തിരിച്ചുകിട്ടുകയും പാകിസ്താന് ഒരൊറ്റ വിക്കറ്റിന്് വിജയിക്കുകയും ചെയ്തു. ടീം ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ട് പതറുന്ന സമയത്ത് 19 പന്തിൽ ഏഴ് റൺസ് നേടി ശദാബിന്റെ ഒപ്പം നിന്ന ഹാരിസ് റൗഫിന്റെ പ്രകടനവും മത്സരത്തിൽ നിർണായകമായി.
242 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഒരു ഘട്ടത്തിൽ ഒമ്പത് വിക്കറ്റിന 154 റൺസ് എന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് ഒമ്പതാം വിക്കറ്റിൽ 89 റൺസ് കൂട്ടുകെട്ടുമായി ശദാബ് ഖാനും ഹാരിസ് റൗഫും പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്. 13 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ശദാബിന്റെ ഇന്നിങ്സ്. നേരത്തെ സെഞ്ചുറി നേടിയ ബെൻ ഡക്കറ്റിന്റെ മികവിലാണ് ഇംഗ്ലണ്ട് 241 റൺസ് അടിച്ചത്. പാകിസ്താനായി ഷഹീൻ അഫ്രീദി നാല് വിക്കറ്റെടുത്തു.
Content Highlights: Shadab Khan scored a brilliant 113 off 96 balls to rescue Pakistan., A dramatic DRS review overturned an LBW decision after handshakes had already begun., Pakistan qualified for the tri-series final with this thrilling victory over England.