ഫൈനൽ കളിക്കാതെ കപ്പ് കിട്ടി, വിമാനം വീഴ്ത്തുന്ന തരത്തിൽ പാകിസ്താന്റെ ആഘോഷപ്രകടനം | VIDEO

#സ്പോർട്സ് ഡെസ്ക്
പാക് ടീമിന്റെ ആഘോഷപ്രകടനം | X.com/@1spacerecorder
പാക് ടീമിന്റെ ആഘോഷപ്രകടനം | X.com/@1spacerecorder

ധാക്ക: ഏഷ്യാകപ്പ് ബ്ലൈൻഡ് ക്രിക്കറ്റ് കിരീടം നേടിയതിന് പിന്നാലെ പാക് ക്രിക്കറ്റ് ടീമിന്റെ ആഘോഷം വിവാദത്തിൽ. വിമാനം വീഴ്ത്തുന്ന തരത്തിലുള്ള ആംഗ്യമാണ് പാക് താരങ്ങൾ കാണിച്ചത്. ഫൈനൽ കളിച്ചു ജയിക്കാതെയാണ് കിരീടം കിട്ടിയതെങ്കിലും വൻ ആഘോഷമാണ് ടീം നടത്തിയത്. അതേസമയം സംയുക്തജേതാക്കളെ പ്രഖ്യാപിക്കുന്നതിന് പകരം പാകിസ്താനെ വിജയികളാക്കി പ്രഖ്യാപിച്ചതിൽ ഇന്ത്യൻ ടീം കടുത്ത പ്രതിഷേധത്തിലാണ്.

വിജയികളായി പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്താൻ കിരീടനേട്ടം ആഘോഷിച്ചു. കപ്പുയർത്തുന്ന ഘട്ടത്തിൽ വൻ ആവേശത്തിലായിരുന്നു പാക് താരങ്ങൾ. അതിനിടെ വിമാനം വീഴ്ത്തുന്ന തരത്തിലുള്ള ആംഗ്യം കാണിക്കാൻ ഒപ്പമുണ്ടായിരുന്ന സ്റ്റാഫ് താരങ്ങളോട് പറഞ്ഞു. അതോടെ താരങ്ങൾ അത്തരത്തിൽ ആഘോഷപ്രകടനം നടത്തി. 6-0 എന്ന ആംഗ്യവും താരങ്ങൾ കാണിച്ചു. 2025ൽ നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ യുദ്ധവിമാന ആംഗ്യം കാണിച്ച പാക് താരം ഹാരിസ് റൗഫ് വൻ വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു. ബൗണ്ടറിക്കരികെ ഫീൽഡ് ചെയ്ത റൗഫിനെ 'കോലി' വിളികൾകൊണ്ട് കാണികൾ പരിഹസിച്ചതിന് പിന്നാലെയാണ് താരം ഈ ആംഗ്യം കാണിച്ചത്. അതിന് സമാനമായിരുന്നു കഴിഞ്ഞ ദിവസത്തേതും.

കൈകൊണ്ട് യുദ്ധവിമാനം പറക്കുന്നതും താഴെ വീഴുന്നതുമായ ആംഗ്യമാണ് അന്ന് ഹാരിസ് റൗഫ് കാണിച്ചത്. സൂപ്പർ ഫോർ മത്സരത്തിന്റെ തലേദിവസം പരിശീലനത്തിനിടെ റൗഫ് 6-0 എന്ന് വിളിച്ചുപറയുന്നത് കേട്ടിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിനിടെ ആറ് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന് തെളിവ് നൽകാൻ പാകിസ്താന് സാധിച്ചിരുന്നില്ല.

വെള്ളിയാഴ്ച ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് പിന്നാലെ പാകിസ്താനെ വിജയികളായി പ്രഖ്യാപിച്ചതോടെ മൈതാനം നാടകീയരംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ടീമുകളെ സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുന്നതിന് പകരം പാകിസ്താനെ ജേതാക്കളാക്കിയതാണ് തർക്കത്തിന് ഇടയാക്കിയത്. പിന്നാലെ സമ്മാനദാനച്ചടങ്ങ് ഇന്ത്യൻ ടീം ബഹിഷ്കരിച്ചു.

ഫൈനൽ ഉപേക്ഷിച്ചതിനാൽ ടീമുകളെ സംയുക്ത ജേതാക്കളാക്കുമെന്നാണ് ഇന്ത്യൻ ടീം കരുതിയത്. വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ (ഡബ്ല്യു.ബി.സി.സി) ടെക്നിക്കൽ കമ്മിറ്റിയുടെ ആദ്യ തീരുമാനവും ഇത്തരത്തിൽ തന്നെയായിരുന്നു. എന്നാൽ പിന്നീട് ഡബ്ല്യു.ബി.സി.സിയുടെ തീരുമാനം മാറി. മികച്ച നെറ്റ് റൺറേറ്റ് പരിഗണിച്ച് പാകിസ്താനെ ജേതാക്കളായി പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പെത്തി. അതോടെയാണ് ഇന്ത്യൻ ടീം പ്രതിഷേധമുയർത്തിയത്.

Content Highlights: Pakistan was declared the winner of the Blind Cricket Asia Cup after the final was washed out due to rain., Pakistan players engaged in controversial celebrations mimicking fighter jets