ചാപ്പലല്ല, മൂന്നാമനായി പ്രൊമോട്ട് ചെയ്ത ഐഡിയ സച്ചിന്റേത്; ഇര്‍ഫാന്‍ പറയുന്നു

ന്യൂഡല്‍ഹി: ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച സ്വിങ് ബൗളറായിരുന്നു ഇര്‍ഫാന്‍ പത്താന്‍. പിന്നീട് ഇര്‍ഫാനെ ഒരു ഓള്‍റൗണ്ടറായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അവസാനിക്കാനും കാരണമായി. കരിയറിന്റെ തുടക്കകാലത്ത് ഏറെ പ്രതീക്ഷ നല്‍കി പിന്നീട് അത് നിലനിര്‍ത്താന്‍ സാധിക്കാതെ ഇര്‍ഫാന് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു.
ഇന്ത്യയ്ക്കായി പലപ്പോഴും ഓപ്പണറായും മൂന്നാം നമ്പറിലും ഇര്‍ഫാന്‍ ബാറ്റിങ്ങിനിറങ്ങിയിരുന്നു. ബാറ്റിങ്ങിലെ ഈ പ്രൊമോഷനാണ് താരത്തിന്റെ കരിയര്‍ അവസാനിക്കാന്‍ കാരണമായതെന്നും ചര്‍ച്ചകളുണ്ടായിരുന്നു. 2005-2007 കാലത്തെ ഇന്ത്യന്‍ ടീം പരിശീലകന്‍ ഗ്രെഗ് ചാപ്പലിനെതിരേ ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
എന്നാലിപ്പോഴിതാ ബാറ്റിങ് ഓര്‍ഡറില്‍ തന്നെ പ്രൊമോട്ട് ചെയ്യാനുള്ള തീരുമാനം ചാപ്പലിന്റേതായിരുന്നില്ലെന്നും മറിച്ച് ആ ആശയം സച്ചിന്‍ തെണ്ടുല്‍ക്കറുടേതായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇര്‍ഫാന്‍.
''എന്നെ ഓള്‍റൗണ്ടറാക്കി മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറക്കി കരിയര്‍ നശിപ്പിച്ചത് ഗ്രെഗ് ചാപ്പലാണെന്നെല്ലാം പറയുന്നവരോട് ഇക്കാര്യം ഞാന്‍ എന്റെ വിരമിക്കലിനു ശേഷം പറഞ്ഞതാണ്. ശരിക്കും അത് സച്ചിന്‍പാജിയുടെ ഐഡിയയായിരുന്നു. അദ്ദേഹമാണ് രാഹുല്‍ ദ്രാവിഡിനോട് എന്നെ മൂന്നാം നമ്പറിലിറക്കാന്‍ പറഞ്ഞത്. എനിക്ക് സിക്‌സറുകള്‍ നേടാനുള്ള കരുത്തുണ്ടെന്നും ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ന്യൂ ബോള്‍ കളിക്കാന്‍ സാധിക്കുമെന്നുമെല്ലാം പറഞ്ഞത് അദ്ദേഹമാണ്.'' - ബിയോണ്ട് ദ ഫീല്‍ഡ് എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍ ഇര്‍ഫാന്‍ പറഞ്ഞു.
2005-ല്‍ നാഗ്പുരില്‍ ശ്രീലങ്കയ്ക്കെതിരേ നടന്ന ഏകദിനത്തിലാണ് ഇര്‍ഫാന് ആദ്യമായി പ്രൊമോഷന്‍ ലഭിച്ചത്. അന്ന് മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ താരം 70 പന്തില്‍ നിന്ന് 83 റണ്‍സടിക്കുകയും ചെയ്തു. ആ മത്സരത്തില്‍ 152 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.
''മുത്തയ്യ മുരളീധരന്‍ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന സമയത്ത് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് എന്റെ ബാറ്റിങ് പ്രൊമോഷന്‍ ആദ്യമായി പരീക്ഷിച്ചത്. മുരളി ഉള്‍പ്പെടുന്ന ലങ്കന്‍ ബൗളര്‍മാരെ ആക്രമിച്ചു കളിക്കാനായിരുന്നു നിര്‍ദേശം. സ്പ്ലിറ്റ് ഫിംഗര്‍ സ്ലോവര്‍ ബോളെന്ന ആശയം ദില്‍ഹാര ഫെര്‍ണാണ്ടോ ആവിഷ്‌കരിച്ച സമയം കൂടിയായിരുന്നു അത്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് അത് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ എനിക്ക് അതിന് സാധിക്കുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ഗ്രെഗ് ചാപ്പലാണ് എന്റെ കരിയര്‍ ഇല്ലാതാക്കിയതെന്ന ആരോപണം ശരിയല്ല. അദ്ദേഹം ഇന്ത്യക്കാരനല്ലാത്തതിനാല്‍ തന്നെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ എളുപ്പമാണ്.'' - ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോഡ് ഇര്‍ഫാന്റെ പേരിലായിരുന്നു. അക്കാലത്ത് ഇന്ത്യയുടെ ന്യൂബോള്‍ ബൗളറുടെ റോളിലായിരുന്നു അദ്ദേഹം. 13 വര്‍ഷക്കാലത്തിനു ശേഷം പിന്നീട് മുഹമ്മദ് ഷമിയാണ് ഈ റെക്കോഡ് മറികടന്നത്. എന്നാല്‍ പോകെപ്പോകെ ടീമിലെ ഇര്‍ഫാന്റെ റോള്‍ മാറി. ന്യൂബോള്‍ ബൗളറില്‍ നിന്ന് അദ്ദേഹം രണ്ടാമത്തെയും മൂന്നാമത്തെയും ഓപ്ഷനായി മാറി. പിന്നീടുള്ള 61 മത്സരങ്ങളില്‍ നിന്ന് അദ്ദേഹത്തിന് നേടാനായത് 73 വിക്കറ്റുകള്‍ മാത്രമായിരുന്നു. ടീം മാനേജ്‌മെന്റിന്റെ പിന്തുണ തനിക്ക് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
Content Highlights: not Greg Chappell It was Sachin Tendulkar’s idea to promote me as batsman says Irfan Pathan
Content Highlights: