മെല്‍ബണിലെ സെഞ്ചുറിയില്‍ കോളടിച്ച് നിതീഷ്; ക്യാഷ് പ്രൈസുമായി ആന്ധ്രാ ക്രിക്കറ്റ് അസോസിയേഷന്‍

Photo: AFP
Photo: AFP

വിശാഖപട്ടണം: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയതിനു പിന്നാലെ ഇന്ത്യന്‍ താരം നിതീഷ് കുമാര്‍ റെഡ്ഡിക്ക് 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ആന്ധ്രാ ക്രിക്കറ്റ് അസോസിയേഷന്‍. ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് നിതീഷിന്റെ സെഞ്ചുറി ഇന്നിങ്‌സായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിതീഷിന്റെ കന്നി സെഞ്ചുറി കൂടിയായിരുന്നു ഇത്. ഇതോടെ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയിലാണ്. 176 പന്തില്‍ നിന്ന് 105 റണ്‍സുമായി നിതീഷ് ക്രീസിലുണ്ട്.

ആന്ധ്രാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കെസിനേനി ശിവനാഥാണ് നിതീഷിന് അസോസിയേഷന്‍ 25 ലക്ഷം രൂപ സമ്മാനം നല്‍കുന്നതായി പ്രഖ്യാപിച്ചത്.

നിരവധി പേരാണ് നിതീഷിന്റെ ഇന്നിങ്‌സിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ഒന്നായാണ് നിതീഷിന്റെ ഇന്നിങ്‌സ് സുനില്‍ ഗാവസ്‌ക്കര്‍ വിശേഷിപ്പിച്ചത്.

ഓസ്‌ട്രേലിയയില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ബാറ്ററെന്ന റെക്കോഡും 21-കാരനായ നിതീഷ് സ്വന്തമാക്കിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (18 വയസും 256 ദിവസവും), ഋഷഭ് പന്ത് (21 വയസും 92 ദിവസവും) എന്നിവരാണ് ഈ പട്ടികയില്‍ മുന്നില്‍.

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കായി എട്ടാം നമ്പറിലിറങ്ങുന്ന ഒരു ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടവും നിതീഷിന് സ്വന്തമായി. 2008-ല്‍ അഡ്ലെയ്ഡില്‍ 87 റണ്‍സടിച്ച അനില്‍ കുംബ്ലെയുടെ റെക്കോഡാണ് നിതീഷ് തിരുത്തിയത്.

Content Highlights: Andhra Cricket Association rewards Nitish Kumar Reddy with ₹25 lakh for his century in the Melbourne