അച്ഛന്‍ ജോലി ഉപേക്ഷിച്ചത് എനിക്കായി, അദ്ദേഹം കരയുന്നത് കണ്ടിട്ടുണ്ട്; വികാരാധീനനായി നിതീഷ് റെഡ്ഡി

Nitish Kumar Reddy | Photo : Martin KEEP / AFP
Nitish Kumar Reddy | Photo : Martin KEEP / AFP

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയതിനു പിന്നാലെ കുടുംബാംഗങ്ങളെ അപ്രതീക്ഷിതമായി കണ്ടപ്പോള്‍ വികാരാധീനനായി ഇന്ത്യന്‍ താരം നിതീഷ് കുമാര്‍ റെഡ്ഡി. മെല്‍ബണിലെ തകര്‍പ്പന്‍ സെഞ്ചുറിക്ക് ശേഷമാണ് കുടുംബം ഹോട്ടല്‍ മുറിയിലെത്തി നിതീഷിനെ കണ്ടത്. ഇതിന്റെ വീഡിയോ ബിസിസിഐ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. 

അച്ഛന്‍ എനിക്കായാണ് ജോലി ഉപേക്ഷിച്ചതെന്ന് നിതീഷ് വീഡിയോയില്‍ പറയുന്നു.' സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അദ്ദേഹം ഒരിക്കല്‍ കരയുന്നത് ഞാന്‍ കണ്ടു. എത് എന്നില്‍ മാറ്റമുണ്ടാക്കി. ക്രിക്കറ്റിനെ ഗൗരവമായി കാണണമെന്ന് എനിക്ക് മനസ്സിലായി. എനിക്ക് വേണ്ടി മാത്രമല്ല, അദ്ദേഹത്തിന് വേണ്ടികൂടിയായിരുന്നു അത്. എന്റെ ആദ്യത്തെ ജേഴ്‌സി കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ സന്തോഷം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അത് എനിക്ക് പ്രചോദനമായി മാറി.- നിതീഷ് പറഞ്ഞു. 

ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് നിതീഷിന്റെ സെഞ്ചുറി ഇന്നിങ്‌സായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിതീഷിന്റെ കന്നി സെഞ്ചുറി കൂടിയായിരുന്നു ഇത്. ഓസ്‌ട്രേലിയയില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ബാറ്ററെന്ന റെക്കോഡും 21കാരനായ നിതീഷ് സ്വന്തമാക്കിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (18 വയസും 256 ദിവസവും), ഋഷഭ് പന്ത് (21 വയസും 92 ദിവസവും) എന്നിവരാണ് ഈ പട്ടികയില്‍ മുന്നില്‍. 

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കായി എട്ടാം നമ്പറിലിറങ്ങുന്ന ഒരു ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടവും നിതീഷിന് സ്വന്തമായി. 2008ല്‍ അഡ്‌ലെയ്ഡില്‍ 87 റണ്‍സടിച്ച അനില്‍ കുംബ്ലെയുടെ റെക്കോഡാണ് നിതീഷ് തിരുത്തിയത്.

Content Highlights: Nitish Kumar Reddy Gets Emotional In Surprise Meet-Up With Family After MCG Heroics