ടി20 ലോകകപ്പ് മുതല്‍ ടെസ്റ്റ് പരമ്പര വിജയം വരെ; കിവീസ് ക്രിക്കറ്റ് തിളങ്ങിയ 10 ദിനങ്ങള്‍

Photo: AFP
Photo: AFP

നേട്ടങ്ങളുടെ രത്‌നത്തിളക്കത്തിലാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ്. ഇക്കാലത്തിനിടയ്ക്ക് കിവീസ് ക്രിക്കറ്റ് ആരാധകര്‍ ഇത്രത്തോളം സന്തോഷിച്ച ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ഒക്ടോബര്‍ 16-ന് മുമ്പ് ന്യൂസീലന്‍ഡ് പുരുഷ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ ജയിച്ചത് വെറും രണ്ടേ രണ്ട് ടെസ്റ്റുകള്‍ മാത്രമായിരുന്നു. ഒക്ടോബര്‍ 20-ന് മുമ്പ് ന്യൂസീലന്‍ഡിന്റെ വനിതാ ക്രിക്കറ്റ് ടീമിന് ഒരു ടി20 ലോകകപ്പ് ട്രോഫി ഉയര്‍ത്താനുള്ള ഭാഗ്യമുണ്ടായിരുന്നില്ല. ഒക്ടോബര്‍ 26-ന് മുമ്പ് ന്യൂസീലന്‍ഡ് പുരുഷ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിരുന്നില്ല.

എന്നാല്‍ 10 ദിവസങ്ങള്‍, അതിനുള്ളില്‍ എല്ലാം മാറിമറിഞ്ഞു. ഇന്ത്യന്‍ മണ്ണിലെ സ്പിന്‍ കെണി അതിജീവിച്ച ടോം ലാഥവും സംഘവും ഇന്ത്യയില്‍ തുടരെ രണ്ട് ടെസ്റ്റ് വിജയങ്ങളും ഒപ്പം ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് പരമ്പര വിജയവും സ്വന്തമാക്കി. തുടര്‍പരാജയങ്ങള്‍ നല്‍കിയ നാണക്കേട് അതിജീവിച്ച സോഫി ഡിവൈനും സംഘവും കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കന്‍ വെല്ലുവിളി മറികടന്ന് വനിതാ ടി20 ലോകകപ്പ് കിരീടത്തിലും മുത്തമിട്ടു. ന്യൂസീലന്‍ഡ് ക്രിക്കറ്റിന് അവരുടെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ 10 ദിനരാത്രങ്ങള്‍.

ഇന്ത്യന്‍ പരമ്പരയ്ക്കു മുമ്പ് ശ്രീലങ്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും തോറ്റ് നാണംകെട്ടാണ് ന്യൂസീലന്‍ഡ് ടീം ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. ഗാളിലെ ആദ്യ ടെസ്റ്റില്‍ 63 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വിയും വഴങ്ങിയ ടീമാണ് ഇന്ത്യയിലേക്ക് വണ്ടികയറിയത്. അതും പരിക്കേറ്റ കെയ്ന്‍ വില്യംസണെന്ന പരിചയസമ്പന്നനില്ലാതെ. 

ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തന്നെ പക്ഷേ കിവീസ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്‌നിരയെ വെറും 46 റണ്‍സിന് മാറ്റ് ഹെന്‍ റിയും വില്യം ഓറുര്‍ക്കെയും ചേര്‍ന്ന് എറിഞ്ഞിട്ടു. ആ വീഴ്ചയില്‍ നിന്ന് കരകയറാന്‍ രോഹിത്തിനും സംഘത്തിനും പിന്നീട് സാധിച്ചില്ല. ഫലമോ 1988-ന് ശേഷം 36 വര്‍ഷക്കാലം പിന്നിട്ട് ന്യൂസീലന്‍ഡ് ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് വിജയം കുറിച്ചു.

കിവീസിന്റെ ബെംഗളൂരു വിജയം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വനിതാ ടി20 ലോകകപ്പ് നേടി ന്യൂസീലന്‍ഡ് വനിതാ ക്രിക്കറ്റ് ടീം മധുരം ഇരട്ടിയാക്കി. തുടര്‍ച്ചായി 10 മത്സരങ്ങള്‍ തോറ്റാണ് അവരുടെ വനിതാ ടീം ലോകകപ്പിനെത്തിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്ത്യന്‍ സംഘത്തെ വീഴ്ത്തി കിവീസ് വനിതകള്‍ കുതിപ്പാരംഭിച്ചു. ആ തോല്‍വിയാണ് ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ടൂര്‍ണമെന്റിനു പുറത്തേക്കുള്ള വഴിതെളിച്ചത്. ഒടുവില്‍ 20-ാം തീയതി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കലാശപ്പോരില്‍ 32 റണ്‍സിന്റെ ജയവും സ്വന്തമാക്കി സോഫി ഡിവൈനും സംഘവും ആദ്യമായി ടി20 ലോകകപ്പ് ന്യൂസീലന്‍ഡിന്റെ ഷെല്‍ഫിലെത്തിച്ചു. വനിതാ ടി 20 ലോകകപ്പിന്റെ ആദ്യ രണ്ട് എഡിഷനിലും (2009, 2010) ഫൈനലിലെത്തിയ ന്യൂസീലന്‍ഡിനെ ഒടുവില്‍ തങ്ങളുടെ മൂന്നാം ഫൈനലിലാണ് ഭാഗ്യം തുണച്ചത്.

ആ വിജയത്തിനു ശേഷമുള്ള ആറാം ദിവസം ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമെന്ന ചരിത്രനേട്ടവും ന്യൂസീലന്‍ഡ് സ്വന്തമാക്കി. 12 വര്‍ഷക്കാലം ഇന്ത്യ നാട്ടില്‍ സ്വന്തമാക്കിവെച്ചിരുന്ന ടെസ്റ്റ് പരമ്പര വിജയങ്ങളുടെ ആധിപത്യമാണ് കിവീസ് തകര്‍ത്തത്. നാട്ടില്‍ തുടര്‍ച്ചയായ 18 പരമ്പര വിജയങ്ങളെന്ന ഇന്ത്യയുടെ റെക്കോഡ് കുതിപ്പാണ് പുണെ ടെസ്റ്റില്‍ വിജയം സ്വന്തമാക്കി ന്യൂസീലന്‍ഡ് അവസാനിപ്പിച്ചത്. ഈ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്ന മൂന്നാമത്തെ ടീമായി മാറാനും കിവീസിനായി.

Content Highlights: New Zealand cricket teams enjoyed an unforgettable 10 days winning the T20 World Cup & historic Test