ഒരോവറില്‍ ആറു സിക്‌സ്; താരമായി നേപ്പാള്‍ താരം ദീപേന്ദ്ര സിങ് എയ്‌റി

Photo | AFP
Photo | AFP

മസ്‌കറ്റ്: യുവരാജ് സിങ്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ക്ക് ശേഷം ഒരോവറില്‍ ആറു സിക്‌സ് നേടിയ പട്ടികയിലേക്ക് മൂന്നാമതായി ഇടം ചേര്‍ന്ന് നേപ്പാള്‍ താരം ദീപേന്ദ്ര സിങ് എയ്‌റി. എ.സി.സി. മെന്‍സ് പ്രീമിയര്‍ കപ്പ് ടി20 മത്സരത്തിലാണ് എയ്‌റിയുടെ നേട്ടം. കമ്രാന്‍ ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ആറ് സിക്‌സുകള്‍ നേടുകയായിരുന്നു. 

ഒമാനിനെതിരെയായിരുന്നു മത്സരം. ഒമാനിലെ അല്‍ അമറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍വെച്ചാണ് ചരിത്രമുഹൂര്‍ത്തം പിറന്നത്. മത്സരത്തില്‍ 21 പന്തില്‍ 64 റണ്‍സാണ് എയ്‌റി നേടിയത്. എയ്‌റിയുടെ കൂറ്റനടിയുടെ പിന്‍ബലത്തില്‍ നേപ്പാള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. അവസാന ഓവറിന് മുന്‍പ് 15 പന്തില്‍ 28 റണ്‍സ് എന്ന നിലയിലായിരുന്നു എയ്‌റി. 

ഇതോടെ യുവരാജ് സിങ്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ റെക്കോഡിനൊപ്പമെത്താനായി. 2007 ടി20 ലോകകപ്പില്‍ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ യുവരാജ് സിങ്ങാണ് ആദ്യമായി ഒരോവറില്‍ ആറ് സിക്‌സ് നേടിയത്. ഏകദിന ക്രിക്കറ്റില്‍ ഹര്‍ഷല്‍ ഗിബ്‌സ്, യു.എസ്.എ.യുടെ ജാസ്‌കരന്‍ മല്‍ഹോത്ര എന്നിവര്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
 

Content Highlights: nepals dipendra airee becomes 3rd batter to hit 6 sixes in t20is