നേപ്പാള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനെതിരേ 17-കാരിയുടെ പീഡന പരാതി; പോലീസ് കേസെടുത്തു

Photo: twitter.com
Photo: twitter.com

കാഠ്മണ്ഡു: നേപ്പാള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സന്ദീപ് ലാമിച്ചാനെയ്‌ക്കെതിരേ പീഡന പരാതിയുമായി 17-കാരി. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലില്‍വെച്ചാണ് താരം പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചുകൊണ്ടിരിക്കുന്ന സന്ദീപ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഓഗസ്റ്റ് 21-ന് കാഠ്മണ്ഡുവിലെ ഹോട്ടലില്‍ വെച്ചാണ് സന്ദീപ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതിനു പിന്നാലെ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.

പെണ്‍കുട്ടിയുമായി സോഷ്യല്‍ മീഡിയയിലൂടെയാണ് സന്ദീപ് പരിചയപ്പെടുന്നത്. നേപ്പാള്‍ ക്രിക്കറ്റ് ടീം കെനിയയിലേക്ക് പോകുന്നതിന്റെ തലേ ദിവസം തനിക്കൊപ്പം യാത്ര ചെയ്യാന്‍ സന്ദീപ് പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റ് 21-ന് രാത്രി എട്ടു മണിയോടെ ഹോസ്റ്റല്‍ അടച്ചതിനാല്‍ പെണ്‍കുട്ടി കാഠ്മണ്ഡുവിലെ ഹോട്ടലില്‍ താമസിക്കാന്‍ നിര്‍ബന്ധിതയായി. ഈ സമയത്താണ് താരം പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് ആരോപണം. 

Content Highlights: Nepali cricket captain Sandeep Lamichhane accused of rape by minor